വയോധിക വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍
text_fieldsവടക്കാഞ്ചേരി: പുതുരുത്തിയില്‍ വയോധിക വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍. നെയ്യന്‍പടിയില്‍ പട്ടുകുളങ്ങര പരേതനായ ശേഖരന്‍െറ ഭാര്യ രുഗ്മിണിയാണ് (69) മരിച്ചത്. മൃതദേഹത്തില്‍നിന്ന് എട്ട് പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പൊലീസ് നിഗമനം.
മകന്‍ സുരേന്ദ്രന്‍െറ വീട്ടിലാണ് സംഭവം നടന്നത്. തലക്കും കഴുത്തിലും കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇടതുകൈയിലെ രണ്ട് സ്വര്‍ണവളകളും നാലുപവന്‍െറ ലോക്കറ്റുള്‍പ്പെടെയുള്ള മാലയും ഇടത് കാതിലെ കമ്മലും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. വലത് കൈയിലെ വള വെട്ടേറ്റ് അറ്റുപോകാറായ കൈപ്പത്തിയില്‍ പാതി ഊരിയ നിലയിലായിരുന്നു. ചെറുമകന്‍ സുജിത്തിനെ (24) സംഭവത്തിനു ശേഷം കാണാനില്ല. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ സുജിത് കൊല നടത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
സുരേന്ദ്രനും ഭാര്യ സുനിതയും മകളുടെ പ്രസവത്തിനായി തൃശൂരിലെ ആശുപത്രിയിലായതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കാനാണ് മാതാവ് രുഗ്മിണിയെ കൊണ്ടുവന്നത്. ഇവരുടെ തറവാട് വീട് അടുത്തുതന്നെയാണ്. ആശുപത്രിയില്‍നിന്ന് മടങ്ങിവന്ന സുരേന്ദ്രന്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടതിനാല്‍ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. രക്തം വാര്‍ന്ന ലുങ്കി കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് കൈയില്‍ പ്ളാസ്റ്റിക് കവറും ടോര്‍ച്ചുമായി സുജിത് വീടുവിട്ടിറങ്ങുന്നത് പാല്‍ക്കാരന്‍ കണ്ടിട്ടുണ്ട്. പിന്നെ അയാളെക്കുറിച്ച് ഒരു വിവരവുമില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സുജിത്തിന് പ്രത്യേക ജോലിയൊന്നുമില്ല.
കൊലപാതകം നടന്ന വീട്ടില്‍ കുന്നംകുളം ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ്, ചേലക്കര സി.ഐ സന്തോഷ്കുമാര്‍, വടക്കാഞ്ചേരി എസ്.ഐ കൃഷ്ണന്‍ പോറ്റി, വിരലടയാള വിദഗ്ധര്‍ പി.ജി. നാരായണ പ്രസാദ്, ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ പരിശോധന നടത്തി. സി.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് നായ കൊലപാതകം നടന്ന വീട്ടില്‍ നിന്ന് ഇടതുവശത്തേക്ക് റോഡിലൂടെ പോയി മണ്ണിട്ട വഴിയില്‍നിന്ന് തിരിഞ്ഞ് മടങ്ങി പ്പോയി. രുഗ്മിണിയുടെ മറ്റു മക്കള്‍: സുബ്രഹ്മണ്യന്‍, കുഞ്ഞുമോന്‍ (രാജന്‍). മരുമക്കള്‍: ഷീന, പ്രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
