നിശ്ശബ്ദരല്ല; ഇവര്‍ പുതുനാദങ്ങളുടെ കൂട്ടുകാര്‍
text_fieldsകോഴിക്കോട്: ‘തിരുനാമകീര്‍ത്തനം പാടുവാനല്ളെങ്കില്‍ നാവെനിക്കെന്തിന് നാഥാ...’ അനവദ്യയും മരിയാജോണിയും പ്രാര്‍ഥന ചൊല്ലിയപ്പോള്‍ സദസ്സിലുള്ള മുഴുവന്‍ മാതാപിതാക്കളുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ജനിച്ചുവീണപ്പോള്‍ കരയാന്‍പോലുമാകാത്ത കുഞ്ഞുങ്ങള്‍. ശബ്ദമില്ലാത്ത ലോകത്തോട് വിടപറഞ്ഞ് ദൈവത്തെ സ്തുതിച്ച് രണ്ടുവരി പാടാന്‍ കഴിഞ്ഞ ഇവരെപ്പോലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 610 കുഞ്ഞുങ്ങള്‍.
സാമൂഹിക സുരക്ഷാമിഷന്‍െറ നേതൃത്വത്തില്‍ കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ സര്‍ജറിയിലൂടെ കേള്‍വിയും സംസാരവും തിരിച്ചുകിട്ടിയ കുഞ്ഞുങ്ങള്‍ കോഴിക്കോട് ഒത്തുകൂടിയപ്പോള്‍ സന്തോഷത്തിന്‍െറയും സംതൃപ്തിയുടെയും മഹാസംഗമമായി അത് മാറി. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് ‘ശ്രുതിതരംഗം’ പദ്ധതിയിലൂടെ കേള്‍വിയും സംസാരവും തിരിച്ചുകിട്ടിയത്.
കുട്ടികളുടെ കലാപ്രകടനങ്ങള്‍തന്നെയായിരുന്നു ‘നാദം 2016’ എന്നപേരില്‍ നടത്തിയ സംഗമത്തിന്‍െറ പ്രധാന ആകര്‍ഷണം. ആരെയും അദ്ഭുതപ്പെടുത്തുന്നതരത്തില്‍ കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചു. കൂട്ടുകാര്‍ സ്റ്റേജില്‍ കയറിയപ്പോള്‍ പാട്ടുപാടണമെന്ന് വാശിപിടിച്ചവരും നിരവധി. ഒരു വരിപോലും തെറ്റാതെ പാടിയവരെയും രണ്ടുവരിമാത്രം പാടി അവസാനിപ്പിച്ചവരും അവരിലുണ്ടായിരുന്നു.
ഡാന്‍സിനും പാട്ടിനും കഥപറച്ചിലിനും പുറമെ സ്കിറ്റും അവതരിപ്പിച്ച് കുട്ടികള്‍ സദസ്സിനെ ഞെട്ടിച്ചു. ഇന്ത്യ ഒന്നാണെന്ന സന്ദേശമുയര്‍ത്തി പള്ളിവികാരിയും ഒപ്പനമണവാട്ടിയും പൂജാരിയും പട്ടാളക്കാരനും കര്‍ഷകനുമായി കുഞ്ഞുങ്ങള്‍ വേഷമിട്ടപ്പോള്‍ സദസ്സ് എണീറ്റുനിന്ന് കൈയടിച്ചു. കുട്ടികളുടെ ഒന്നിച്ചുള്ള നൃത്തത്തോടെയാണ് പരിപാടികള്‍ അവസാനിപ്പിച്ചത്. പരിപാടി മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓഡിയോ വെര്‍ബല്‍ ഹെബിലിറ്റേഷനി (എ.വി.ടി) സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 85 ലക്ഷം രൂപയും ചടങ്ങില്‍ കൈമാറി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍ മന്ത്രി മുനീറില്‍ നിന്നും ചെക് ഏറ്റുവാങ്ങി. ജില്ലയിലെ എല്ലാബ്ളോക്കുകളിലെയും വളര്‍ച്ചാവൈകല്യമുള്ള കുട്ടികളുടെ പരിചരണത്തിനായി ആരംഭിക്കുന്ന സ്പെഷല്‍ അങ്കണവാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഡോ. ടി.പി. അഷറഫ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍, ഡോ. മുരളീധരന്‍ നമ്പൂതിരി, സാമൂഹികനീതി ഡയറക്ടര്‍ സാറാമ്മ, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, പി.വി. ചന്ദ്രന്‍, ഗായിക ശ്രേയ ജയദീപ് തുടങ്ങിയവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
