കൊച്ചി മെട്രോയുടെ ട്രയൽ റൺ വിജയകരം
text_fieldsആലുവ: കൊച്ചി മെട്രോയുടെ പ്രധാന പാളത്തിലൂടെയുള്ള ട്രയൽ റൺ വിജയകരം. വൈകീട്ട് 6.12ന് ആലുവ മുട്ടം യാർഡ് മുതൽ കളമശേരി അപ്പോളോ ടയേഴ്സ് കവല വരെ രണ്ട് കിലോമീറ്റർ ദൂരത്തിലായിരുന്നു ട്രയൽ റൺ. മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് കോച്ചുകൾ ഒാടിച്ചത്.
വെള്ളിയാഴ്ചയാണ് ട്രയൽ റൺ നടത്താനുള്ള അനുമതി റെയിൽവേ സേഫ്റ്റി കമീഷണർ ഡി.എം.ആർ.സിക്ക് നൽകിയത്. നീണ്ട 24 മണിക്കൂർ പരിശ്രമത്തിന് ശേഷമാണ് മെട്രോ കോച്ചുകൾ മുട്ടം യാർഡിൽ നിന്നും ദേശീയപാതക്ക് മുകളിലൂടെ വൈദ്യുതീകരിച്ച പ്രധാന പാളത്തിലേക്ക് എത്തിക്കാനായത്. പ്രധാന പാളത്തിലൂടെ കളമശേരിയിലെത്തിയ മെട്രോ ട്രെയിന് വൻ വരവേൽപ്പാണ് ജനങ്ങൾ നൽകിയത്. യാത്രക്കാരുമായി സർവീസ് തുടങ്ങുന്ന നവംബർ ഒന്നിന് മുമ്പായി വേഗതയും ദൂരവും ഘട്ടം ഘട്ടമായി ഉയർത്തിയുള്ള ട്രയൽ റൺ പൂർത്തിയാക്കി മെട്രോയുടെ പ്രവർത്തന സജ്ജമാക്കും.

ജനുവരി 23ന് ആലുവ മുട്ടം യാര്‍ഡില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യ പരീക്ഷണ ഓട്ടത്തിന് പച്ചക്കൊടി വീശിയിരുന്നു. യാര്‍ഡില്‍ പ്രത്യേകം തയാറാക്കിയ 900 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് ട്രാക്കില്‍ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തിലായിരുന്നു പരീക്ഷണ ഓട്ടം. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ മെട്രോ സര്‍വിസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
2015 മാര്‍ച്ചിന് ആന്ധ്രപ്രദേശ് ശ്രീസിറ്റിയിലെ പ്ലാന്‍റില്‍ അല്‍സ്റ്റോം കമ്പനി നിര്‍മാണം പൂർത്തിയാക്കിയ മെട്രോ കോച്ചുകൾ ജനുവരി 10ന് കൊച്ചിയിലെത്തിച്ചു. ഓരോ കോച്ചിനും 22 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുണ്ട്. 250 പേര്‍ക്ക് യാത്ര ചെയ്യാം. രാജ്യത്ത് മെട്രോകള്‍ക്കായി നിര്‍മിച്ചവയില്‍ ഏറ്റവും ആധുനിക കോച്ചാണിത്.
2012 സെപ്റ്റംബര്‍ 13ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് തറക്കല്ലിട്ട പദ്ധതിയുടെ നിര്‍മാണ ജോലികള്‍ 2013 ജൂണ്‍ ഏഴിനാണ് ഒൗപചാരികമായി ആരംഭിച്ചത്. 1095 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 958ാമത്തെ ദിവസം താൽകാലിക പാളത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി. കരാര്‍ പ്രകാരം 2017 വരെയാണ് കൊച്ചി മെട്രോയുടെ നിര്‍മാണ കാലാവധി.
കൊച്ചി മെട്രോ ട്രെയിൻ ആദ്യമായി ട്രാക്കിനു മുകളിൽകേരളത്തിന് അഭിമാനനിമിഷം. കൊച്ചി മെട്രോ ട്രെയിൻ ആദ്യമായി ട്രാക്കിനു മുകളിൽ. പരീക്ഷണ ഓട്ടം വിജയകരം. ആകാശ ദൃശ്യങ്ങൾ കാണൂ...
Posted by Kochi Metro Rail on Saturday, February 27, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
