പൊലീസ് സ്പോര്‍ട്സ് ക്വോട്ട നിയമനം അയോഗ്യരെ തിരുകിക്കയറ്റല്‍ തുടരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ സ്പോര്‍ട്സ് ക്വോട്ട വഴിയുള്ള നിയമനത്തിന്‍ വന്‍തിരിമറി. യോഗ്യരെ പട്ടികയില്‍നിന്ന് ഒഴിവാക്കി സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ചരടുവലി നടത്തുന്നത് ഐ.പി.എസ് ഉന്നതനെന്ന് ആക്ഷേപം. അടുത്തയാഴ്ച പുറത്തിറങ്ങുന്ന ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ 12ഓളം ഉദ്യോഗാര്‍ഥികള്‍ രാഷ്ട്രീയക്കാരുടെയും സഭാമേലധ്യക്ഷന്മാരുടെയും പ്രതിനിധികളാണ്. പൊലീസ് ഉന്നതരില്‍ ചിലരുടെ ഇഷ്ടക്കാരും ഇടംനേടിയിട്ടുണ്ട്. ഇതിനുപിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. ഹവില്‍ദാര്‍ തസ്തികയിലേക്ക് 88 പുരുഷന്മാരെയും 19 സ്ത്രീകളെയും നിയമിക്കാന്‍ 2014 സെപ്റ്റംബര്‍ 16നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന-ദേശീയ തലത്തില്‍ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച പ്ളസ് ടു യോഗ്യതയുള്ളവരെയാണ് സേനയിലേക്ക് ക്ഷണിച്ചത്. 2015 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകണമെന്നും 25 വയസ്സ് കഴിയരുതെന്നും പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. ലഭ്യമായ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 500 ഓളംപേര്‍ വരുന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഇവരെ കായികക്ഷമതാപരിശോധനക്കായി ക്ഷണിച്ചെങ്കിലും 270 പേരാണ് പങ്കെടുത്തത്. 17,18,19 തീയതികളിലായിരുന്നു പരിശോധന. ആദ്യപട്ടികയില്‍ ഇല്ലാതിരുന്ന പലരെയും ഇതില്‍ തിരുകിക്കയറ്റുകയും അര്‍ഹരെ തൊടുന്യായങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. 18 വയസ്സ് പൂര്‍ത്തിയാകാത്തവരെയും മതിയായ യോഗ്യതകള്‍ ഇല്ലാത്തവരെയും പിന്‍വാതിലിലൂടെ കയറ്റിയതിനുപിന്നില്‍ പൊലീസിലെ ചില മുന്‍ സ്പോര്‍ട്സ് താരങ്ങളുമുണ്ട്. സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 28,29 തീയതികളില്‍ രണ്ടാംഘട്ട കായികക്ഷമതാ പരിശോധന നടക്കുന്നുണ്ട്. ഇതിലേക്കും അനര്‍ഹരെ തിരുകിക്കയറ്റാന്‍ നീക്കമുണ്ടത്രെ. വിഷയത്തില്‍ ഡി.ജി.പി ഇടപെടണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും പുറത്താക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ തവണ സ്പോര്‍ട്സ് ക്വോട്ട നിയമനം നടന്നപ്പോഴും അയോഗ്യരെ തിരുകിക്കയറ്റിയിരുന്നു. ഇങ്ങനെ കയറിയവരില്‍ പലരും മീറ്റുകളില്‍ അമ്പേ പരാജയപ്പെട്ടു. ദേശീയ പൊലീസ് മീറ്റില്‍ ഉള്‍പ്പെടെ നിരാശജനകമായ പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.