അഭയകേസ് അട്ടിമറിക്കാന്‍ ഹൈകോടതി ജഡ്ജി ഇടപെട്ടു –മുന്‍ സി.ജെ.എം
text_fieldsകൊച്ചി: പ്രമാദമായ അഭയ കേസ് അട്ടിമറിക്കുന്നതിന് ഹൈകോടതി ജഡ്ജിയുടെ ഇടപെടലുണ്ടായതായി കേസ് വിചാരണ നടത്തിയ മുന്‍ ജഡ്ജി. കേസ് വിചാരണ നടപടിവേളയിലാണ് അട്ടിമറിയുണ്ടായത്. മാത്രമല്ല, തന്‍െറ അറിവും സമ്മതവും കൂടാ െത പ്രത്യേക ദൂതന്‍ വഴി കേസ് ഫയല്‍ ഹൈകോടതി രജിസ്ട്രാര്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. എറണാകുളം മുന്‍ ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബേപ്പൂര്‍ രഘുനാഥാണ് പ്രമാദമായ അഭയ കേസ് സംബന്ധിച്ച് ഈ ആരോപണം ഉന്നയിച്ചത്.
ഇപ്പോള്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ബേപ്പൂര്‍ രഘുനാഥ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി) അധ്യക്ഷനായി ചുമതലയേറ്റ വിവരം അറിയിക്കുന്നതിന് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വിശദീകരിച്ചത്.
2006ല്‍ അഭയ കേസ് തള്ളണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേസ് ഫയല്‍ പരിശോധിച്ചപ്പോള്‍, തെളിവ് ശേഖരിക്കുന്നതിനും വിലയിരുത്തുന്നതിനും ആവശ്യമായ സ്ഥല പരിശോധന നടന്നിട്ടില്ളെന്ന് വ്യക്തമായി.
ഇതോടെ, സി.ആര്‍.പി.സി 310ാം വകുപ്പ് അനുസരിച്ച് അഭയ കിടന്ന മുറിയും പരിസരവും പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. നിര്‍ദേശം നല്‍കിയതിന്‍െറ പിറ്റേദിവസം രാവിലെതന്നെ കീഴ്കോടതികളുടെ ചുമതലയുള്ള ഹൈകോടതി രജിസ്ട്രാര്‍ എ.വി. രാമകൃഷ്ണപിള്ള തനിക്ക് ഫോണ്‍ ചെയ്തു. ഉത്തരവനുസരിച്ച് സ്ഥല പരിശോധന നടന്നോ എന്നായിരുന്നു ആദ്യ ചോദ്യം. ഇന്നലെ ഉത്തരവിട്ടതല്ളേയുള്ളൂ, നടന്നിട്ടില്ല എന്ന് മറുപടിയും നല്‍കി. അതോടെ, പ്രസ്തുത ഉത്തരവ് പിന്‍വലിക്കാനായി നിര്‍ദേശം.
ഹൈകോടതിയിലെ അന്നത്തെ ഒരു ജഡ്ജിയുടെ താല്‍പര്യപ്രകാരമാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെങ്കില്‍ ഇക്കാര്യം എഴുതി നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടു. അത് നിര്‍ബന്ധമാണോ എന്ന് രജിസ്ട്രാര്‍ ചോദിച്ചു. നിര്‍ബന്ധമാണെന്ന് മറുപടിയും നല്‍കി. അന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും സിറ്റിങ്ങിന് എത്തിയപ്പോഴാണ്, ഹൈകോടതിയില്‍നിന്ന് പ്രത്യേക ദൂതനത്തെി അഭയകേസിന്‍െറ ഫയലുകള്‍ വാങ്ങിക്കൊണ്ട് പോയെന്ന് ശിരസ്തദാര്‍ തന്നെ അറിയിച്ചത്.
കേസ് വിചാരണ നടത്തിക്കൊണ്ടിരുന്ന തന്നെ അറിയിക്കാതെയായിരുന്നു ഫയല്‍ കൊണ്ടുപോയത്. മാത്രമല്ല, മൂന്നുദിവസത്തിനകം തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സ്ഥാനത്തുനിന്നുതന്നെ സ്ഥലം മാറ്റുകയും ചെയ്തു. മാത്രമല്ല, മൂന്നുമാസംകൊണ്ടാണ് സി.ബി.ഐ ഹരജി പരിഗണിച്ച് കേസ് തള്ളാന്‍ ഹൈകോടതി ഉത്തരവായത്. അതുവരെ തനിക്ക് പകരം സി.ജെ.എമ്മിനെ നിശ്ചയിച്ചുമില്ല. എന്നാല്‍, കീഴ്കോടതിയില്‍ നടക്കുന്ന ദൈനംദിന നീതിന്യായ നടപടികള്‍ രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെടില്ളെന്നും താന്‍ ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ളെന്നും അന്ന് ഹൈകോടതിയില്‍ സബോര്‍ഡിനേറ്റ് ജുഡീക്ഷ്യറി രജിസ്ട്രാറായിരുന്ന എ.വി. രാമകൃഷ്ണപിള്ള ‘മാധ്യമ’ത്തോട് വിശദീകരിച്ചു. ഒമ്പത് വര്‍ഷമാണ് താന്‍ ഹൈകോടതിയില്‍ രജിസ്ട്രാറായിരുന്നത്. ഈ കാലത്തിനിടയില്‍ ഒരു ജഡ്ജിയും ഏതെങ്കിലും കേസില്‍ ഇടപെടാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. കീഴ്കോടതികളിലെ ജഡ്ജിമാരുടെ സ്ഥലം മാറ്റം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ചുമതലയാണ്. ഇക്കാര്യത്തിലും താന്‍ ഇടപെട്ടിട്ടില്ളെന്ന് അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
