യാത്രക്കിടെ ദേഹാസ്വസ്ഥ്യം; ജയരാജൻ എറണാകുളം ആശുപത്രി വിട്ടു
text_fieldsകൊച്ചി: ശ്രീചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പരിശോധനക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പരിശോധനയിൽ കാര്യമായ കുഴപ്പം കാണാത്തതിനാലാണ് ഒരു മണിക്കൂറിനു ശേഷം യാത്ര പുനരാരംഭിച്ചത്. ഉച്ച ഒരു മണിയോടെയാണ് ജയരാജനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിെൻറ ഇ.സി.ജി എടുത്തു. ഇതിൽ തകരാറില്ലെന്ന് കണ്ടതിെൻറ അടിസ്ഥാനത്തിൽ ഒരു മണിക്കൂർ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് ജയരാജൻ ആശുപ്രതി വിട്ടത്.
കോഴിക്കോട് നിന്നുള്ള യാത്രമധ്യേ തൃശൂരിൽ വാഹനം അപകടത്തിൽപെട്ടതിനെ തുടർന്ന് അമല മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പരിശോധനകൾക്ക് ശേഷമാണ് ജയരാജനെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകുന്നത്. പൊലീസ് അകമ്പടിയോടെയാണ് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. ട്രെയിൻ മാർഗം കൊണ്ടുപോകണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമെങ്കിൽ യാത്രക്കിടെ ആശുപത്രിയിൽ പരിശോധിപ്പിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് സി.പി.എം നേതാക്കൾ റോഡ്മാർഗം കൊണ്ടുപോകാൻ അനുവദിച്ചത്.
അമല നഗറിൽ വെച്ച് പി.ജയരാജൻ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിന്‍റെ ടയറുകള്‍ പൊട്ടി. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. ആംബുലന്‍സിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. കോഴിക്കോട് മെഡിക്കൽ കൊളേജിലെ കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ ശ്രീജിത്തും ജയരാജനോടൊപ്പം ഉണ്ടായിരുന്നു.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാത്രി 11.10 ഓടെയാണ് കനത്ത സുരക്ഷാ വലയത്തില്‍ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സില്‍ അദ്ദേഹത്തെ കൊണ്ടുപോയത്. മെഡിക്കല്‍ കോളജ് പരിസരത്ത് തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെയായിരുന്നു ജയരാജനെ ആംബുലന്‍സിലേക്ക് കയറ്റിയത്. സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയിലും ജയരാജന് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെ തിരുവനന്തപുരത്തേക്ക് മാറ്റാനായിരുന്നു തീരുമാനമെങ്കിലും കണ്ണൂരില്‍നിന്നുള്ള പൊലീസ് സംഘം എത്താന്‍ വൈകിയതിനാല്‍ അനിശ്ചിതത്വം അര്‍ധരാത്രിവരെ നീളുകയായിരുന്നു. നേരത്തേ ആരോഗ്യസംഘം നടത്തിയ അള്‍ട്രാ സൗണ്ട് സ്കാനിങ് പരിശോധനയില്‍ മൂത്രത്തില്‍ കല്ലുണ്ടെന്ന് കണ്ടത്തെിയതിനാല്‍ മെട്രോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശിപാര്‍ശ ചെയ്തിരുന്നു. ബുധനാഴ്ച ഇതുസംബന്ധിച്ച വിദഗ്ധ പരിശോധന നടത്താനായിരുന്നു തീരുമാനം. അതിനിടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ശക്തമായ നെഞ്ചുവേദനയെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആരോഗ്യസംഘം വിദഗ്ധചികിത്സക്ക് ശിപാര്‍ശ ചെയ്തത്. എന്നാല്‍, ജയില്‍ അധികൃതരില്‍നിന്ന് ഇതിനുള്ള അനുമതി ലഭിക്കാന്‍ വൈകിയതാണ് അനിശ്ചിതത്വത്തിന് കാരണമായത്.
തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ശ്രമം തിങ്കളാഴ്ചതന്നെ ആരംഭിച്ചെങ്കിലും ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടാവാനിടയുള്ള സുരക്ഷാപ്രശ്നങ്ങള്‍ ഉന്നയിക്കുകയായിരുന്നു പൊലീസ്. പൊങ്കാല നടക്കുമ്പോള്‍ തിരുവനന്തപുരം നഗരത്തിലുണ്ടാകുന്ന വന്‍തിരക്കിലൂടെ ജയരാജനെ ശ്രീചിത്തിരയിലത്തെിക്കുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ 15നാണ് ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
