വിദഗ്ധ ചികിത്സക്കായി പി. ജയരാജനെ തിരുവനന്തപുരത്തേക്ക് മാറ്റി
text_fieldsകോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കാര്‍ഡിയാക് സര്‍ജനും നഴ്സുമടങ്ങുന്ന മെഡിക്കല്‍ സംഘത്തോടൊപ്പം കണ്ണൂരില്‍നിന്നുള്ള വന്‍ പൊലീസ് സംഘവും അനുഗമിക്കുന്നുണ്ട്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാത്രി 11.10 ഓടെയാണ് കനത്ത സുരക്ഷാ വലയത്തില്‍ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സില്‍ അദ്ദേഹത്തെ കൊണ്ടുപോയത്. മെഡിക്കല്‍ കോളജ് പരിസരത്ത് തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെയായിരുന്നു ജയരാജനെ ആംബുലന്‍സിലേക്ക് കയറ്റിയത്. സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയിലും ജയരാജന് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെ തിരുവനന്തപുരത്തേക്ക് മാറ്റാനായിരുന്നു തീരുമാനമെങ്കിലും കണ്ണൂരില്‍നിന്നുള്ള പൊലീസ് സംഘം എത്താന്‍ വൈകിയതിനാല്‍ അനിശ്ചിതത്വം അര്‍ധരാത്രിവരെ നീളുകയായിരുന്നു. നേരത്തേ ആരോഗ്യസംഘം നടത്തിയ അള്‍ട്രാ സൗണ്ട് സ്കാനിങ് പരിശോധനയില്‍ മൂത്രത്തില്‍ കല്ലുണ്ടെന്ന് കണ്ടത്തെിയതിനാല്‍ മെട്രോളജി, യൂട്രോളജി തുടങ്ങിയ വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനക്ക് ശിപാര്‍ശ ചെയ്തിരുന്നു. ബുധനാഴ്ച ഇതുസംബന്ധിച്ച വിദഗ്ധ പരിശോധന നടത്താനായിരുന്നു തീരുമാനം. അതിനിടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ശക്തമായ നെഞ്ചുവേദനയെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആരോഗ്യസംഘം വിദഗ്ധചികിത്സക്ക് ശിപാര്‍ശ ചെയ്തത്. എന്നാല്‍, ജയില്‍ അധികൃതരില്‍നിന്ന് ഇതിനുള്ള അനുമതി ലഭിക്കാന്‍ വൈകിയതാണ് അനിശ്ചിതത്വത്തിന് കാരണമായത്.
തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ശ്രമം തിങ്കളാഴ്ചതന്നെ ആരംഭിച്ചെങ്കിലും ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടാവാനിടയുള്ള സുരക്ഷാപ്രശ്നങ്ങള്‍ ഉന്നയിക്കുകയായിരുന്നു പൊലീസ്. പൊങ്കാല നടക്കുമ്പോള്‍ തിരുവനന്തപുരം നഗരത്തിലുണ്ടാകുന്ന വന്‍തിരക്കിലൂടെ ജയരാജനെ ശ്രീചിത്തിരയിലത്തെിക്കുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ 15നാണ് ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
