റെയില്‍വേ ബജറ്റ്: പ്രതീക്ഷയില്‍ സംസ്ഥാനം
text_fieldsതിരുവനന്തപുരം: അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ളെങ്കിലും നിശ്ചലാവസ്ഥയിലായ പദ്ധതികളുടെ പുനരുജ്ജീവനത്തിന് വകയുണ്ടാകുമോ എന്ന പ്രത്യാശയിലാണ് സംസ്ഥാനം റെയില്‍വേ ബജറ്റിനെ ഉറ്റുനോക്കുന്നത്. വ്യാഴാഴ്ചയാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്‍െറ ബജറ്റ് അവതരണം. നേരത്തേ തുടങ്ങിവെച്ച പദ്ധതികള്‍ സംസ്ഥാനത്ത് ഏറെയുണ്ട്. ഇവക്ക് ന്യായമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ.
ഇതിനുപുറമെ നിരവധി ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇക്കുറിയും പുതിയ ട്രെയിനുകളുടെ കാര്യത്തില്‍ കേരളത്തിന് കാര്യമായ പ്രതീക്ഷ വേണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. റെയില്‍ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, ഗേജ് മാറ്റം, വൈദ്യുതീകരണം എന്നീ പ്രവൃത്തികള്‍ക്ക് സംസ്ഥാനം 602 കോടിയുടെ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ചെറിയ റൂട്ടുകളില്‍ കൂടുതല്‍ മെമു സര്‍വിസുകള്‍ ആരംഭിച്ച് ഗതാഗത ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, മുന്‍ വര്‍ഷങ്ങളിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുക തുടങ്ങിയവയാണ് സംസ്ഥാനം മുന്നോട്ടുവെക്കുന്ന മറ്റ് ആവശ്യങ്ങള്‍. ഗേജ്മാറ്റ ജോലികള്‍ പുരോഗമിക്കുന്ന പുനലൂര്‍-ചെങ്കോട്ട പാതക്ക് ബജറ്റ് പരിഗണന അനിവാര്യമാണ്.
പാതയിരട്ടിപ്പിക്കലാണ് സംസ്ഥാനത്തിന്‍െറ പ്രധാന ആവശ്യങ്ങളിലൊന്ന്. എറണാകുളം-കോട്ടയം-തിരുവനന്തപുരം, എറണാകുളം-ആലപ്പുഴ-തിരുവനന്തപുരം പാതകള്‍ പൂര്‍ണമായും ഇരട്ടിപ്പിക്കാതെ റെയില്‍വേ വികസനം പൂര്‍ണമാകില്ല. കാലങ്ങളായി കാത്തിരിക്കുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടെങ്കിലും തുടര്‍നടപടി മുന്നോട്ടുനീങ്ങിയിട്ടില്ല. ഇന്ത്യന്‍ റെയില്‍വേയില്‍ കോച്ച് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പ്രഥമപരിഗണന നല്‍കണമെന്നാണ് ആവശ്യം.
അങ്കമാലി-ശബരിപാതക്ക് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ഉറപ്പാക്കണമെന്നാണ് കേരളത്തിന്‍െറ മറ്റൊരാവശ്യം. അങ്കമാലി-ശബരിപാതയും നിലമ്പൂര്‍-നഞ്ചന്‍കോട് പാതയും ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും കേരളത്തിന്‍െറ ആവശ്യങ്ങളുടെ പട്ടികയിലുണ്ട്. കണ്ണൂരില്‍ പിറ്റ്ലൈന്‍ സ്ഥാപിക്കുക, ചരക്ക് ഗതാഗതത്തിന് മുംബൈ -മംഗലാപുരം റൂട്ടില്‍ ഉപയോഗിക്കുന്ന റോറോ സര്‍വിസ് എറണാകുളം വരെ നീട്ടുക, ട്രെയിന്‍ വൈകുന്നത് ഒഴിവാക്കാന്‍ പാലക്കാട്, ഷൊര്‍ണൂര്‍, കോഴിക്കോട് പാതയില്‍ മെമു സര്‍വിസ്, കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വര്‍ധന കണക്കിലെടുത്ത് തിരുവനന്തപുരം-ഗുവാഹതി പാതയില്‍ രണ്ട് തേര്‍ഡ് എ.സി ഉള്‍പ്പെടെ 24 കോച്ചുള്ള പ്രതിദിന ട്രെയിന്‍ എന്നിവയും സംസ്ഥാനം മുന്നോട്ടുവെക്കുന്നു. മൂന്ന് ബജറ്റുകളില്‍ ഇടംനേടിയ നേമം ടെര്‍മിനല്‍ ഇന്നും സങ്കല്‍പം മാത്രമാണ്.
കൊച്ചുവേളിയെ ‘തിരുവനന്തപുരം നോര്‍ത് സ്റ്റേഷ’നായി പരിഗണിക്കുന്ന കാര്യവും തഥൈവ. പുറമെ തിരുവനന്തപുരം, എറണാകുളം, പാലക്കാട് സ്റ്റേഷനുകളുടെ നവീകരണവും നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും ബജറ്റ് കനിയുമോ എന്ന് കണ്ടറിയണം. പ്രത്യേക സോണ്‍ എന്ന ആശയവും ആവശ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇത്തവണ ട്രെയിനുകളുടെ എണ്ണം കുറച്ചുകൊണ്ട് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായിരിക്കും ബജറ്റില്‍ പരിഗണനയെന്നാണ് അറിയുന്നത്.
യാത്രാനിരക്കുകളില്‍ അഞ്ചുമുതല്‍ 10 ശതമാനംവരെ വര്‍ധനക്കും സാധ്യതയുണ്ട്. യാത്ര, ചരക്ക് വരുമാനത്തില്‍ വന്ന കുറവും ഏഴാം ശമ്പള പരിഷ്കരണ കമീഷന്‍െറ നിര്‍ദേശപ്രകാരം 32000 കോടിയുടെ അധികബാധ്യതയും നിരക്കുവര്‍ധന പരിഗണിക്കുന്നതിലേക്ക് നയിക്കുമെന്നാണ് റെയില്‍വേ വൃത്തങ്ങളില്‍നിന്നുള്ള സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
