പഞ്ചായത്ത് പ്രസിഡന്‍റ് റബര്‍ തോട്ടത്തിലാണ്
text_fieldsബളാന്തോട് (കാഞ്ഞങ്ങാട്): പുലര്‍ച്ചെ 4.30ന് ഓട്ടമലയിലെ വീട്ടില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെ ബളാന്തോട് കുന്നിന്‍ചെരിവിലെ റബര്‍ തോട്ടത്തിലേക്ക് ഓട്ടമാണ്. കാടും പാറക്കൂട്ടങ്ങളും താണ്ടി, 300 റബര്‍ മരങ്ങള്‍ ടാപ്പുചെയ്യണം. 9.30ന് പണിതീര്‍ത്ത്, തോട്ടത്തിനരികിലെ പുഴയില്‍ കുളിച്ച് വസ്ത്രംമാറി ആറുകിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്ത് ഓഫിസിലേക്ക്. ബസ് കിട്ടാന്‍ വൈകിയാല്‍ ഓഫിസ് കാര്യങ്ങള്‍ അവതാളത്തിലാകുമെന്നതിനാല്‍ അതിനും ഓട്ടമാണ്.
പനത്തടി പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. മോഹനന്‍െറ ഒരുദിവസം തുടങ്ങുന്നത് ഇങ്ങനെ. ടാപ്പിങ് തൊഴിലാളിയായ കേരളത്തിലെ ഏക പഞ്ചായത്ത് പ്രസിഡറാണ് കാസര്‍കോട് ജില്ലയില്‍, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തിന്‍െറ സാരഥി. കഴിഞ്ഞ 26 വര്‍ഷമായി നായര്‍ സര്‍വിസ് സൊസൈറ്റി പനത്തടി എസ്റ്റേറ്റിലെ ബളാന്തോട് ഡിവിഷനില്‍ തൊഴിലാളിയാണ് ഇദ്ദേഹം.പിതാവ് രോഗിയായപ്പോള്‍ കുടുംബഭാരം ചുമലിലായതോടെ എട്ടാംക്ളാസില്‍ പഠനം ഉപേക്ഷിച്ച് ടാപ്പിങ് തൊഴിലാളിയാവുകയായിരുന്നു. നാലുവര്‍ഷം സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലും പണിയെടുത്തു.
നാലാം വാര്‍ഡായ ഓട്ടമലയില്‍നിന്ന് സി.പി.എം പ്രതിനിധിയായാണ് നാട്ടുകാര്‍ ‘പി.ജി’ എന്നു വിളിക്കുന്ന മോഹനന്‍ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ അവസരത്തില്‍തന്നെ പ്രസിഡന്‍റായി. പാര്‍ട്ടിക്കാരല്ലാത്തവരുടെ പിന്തുണകൂടി കിട്ടിയതുകൊണ്ടാണ് ഇത് സാധിച്ചതെന്ന് മോഹനന്‍ പറയുന്നു. പ്രസിഡന്‍റായിട്ടും ടാപ്പിങ് ജോലി ഒഴിവാക്കാന്‍ തോന്നിയില്ല. അഞ്ചുകൊല്ലം കഴിഞ്ഞ് ഭരണം മാറുമ്പോള്‍ പണി വേണ്ടേ എന്നാണ് ചോദ്യം. ഒൗദ്യോഗിക യാത്രകളും ഭരണസമിതി യോഗങ്ങളുമുള്ള ദിവസങ്ങളില്‍ മാത്രമേ ടാപ്പിങ് മുടക്കാറുള്ളൂ.
10 വര്‍ഷം പനത്തടി സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്നു മോഹനന്‍. രണ്ടുവര്‍ഷം ഈ ബാങ്കിന്‍െറ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. തോട്ടം തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമാണ്. സി.പി.എം ഏരിയ കമ്മിറ്റിയംഗം, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ബാങ്ക് വായ്പയെടുത്ത് പണിത ചെറിയൊരു വീടാണ് ആകെ സമ്പാദ്യം. ഭാര്യ ഗീത തൊഴിലുറപ്പ് തൊഴിലാളിയാണ്. മൂത്തമകന്‍ അനൂപ് പനത്തടി സഹകരണ ബാങ്കില്‍ പ്യൂണ്‍. ഇളയമകന്‍ സനൂപ് വിദ്യാര്‍ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
