ലാൻസ് നായിക് ബി. സുധീഷിന് ജന്മനാട് വിടനൽകി
text_fieldsകൊല്ലം: സിയാചിനിൽ മഞ്ഞിടിച്ചിലിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ബി. സുധീഷിന് ജൻമനാട് വിടനൽകി. പൂർണ സൈനിക ബഹുമതികളോടെയാണ് കൊല്ലം മണ്‍റോ തുരുത്തിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചത്. പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് 101 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം ജന്മനാടായ മണ്‍റോ തുരുത്തിലെത്തിച്ചത്.
സുധീഷ് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മണ്‍റോതുരുത്ത് ഗവ.എല്‍.പി സ്കൂളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചു. ആയിരക്കണക്കിന് പേരാണ് സുധീഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മന്ത്രി ഷിബു ബേബി ജോൺ, കലക്ടർ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി. സേനയുടെ ഉദ്യോഗസ്ഥർ തന്നെയാണ് വീട്ടിൽ സംസ്കാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളച്ചന്തറയിൽ ബ്രഹ്മപുത്രൻെറയും പുഷ്പവല്ലിയുടെയും മകനാണ് സുധീഷ്.
നേരത്തെ, തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞദിവസം നാട്ടിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മൃതദേഹം ഡൽഹിയിൽ എത്തിക്കുന്നത് വൈകുകയായിരുന്നു. തുടർന്ന് ഇന്നലെയാണ് സുധീഷടക്കം ഒമ്പത് സൈനികരുടെ ഭൗതിക ശരീരം ഡൽഹിയിൽ എത്തിച്ചത്.
സുബേദാർ നാഗേശ, ലാൻസ് നായിക് ഹനുമന്തപ്പ, സിപോയ് മഹേഷ് (കർണാടക), ഹവിൽദാർ ഏലുമലൈ, സിപോയ് ഗണേശൻ, സിപോയ് രാമമൂർത്തി, ലാൻസ് ഹവിൽദാർ എസ്. കുമാർ (തമിഴ്നാട്), സിപോയ് മുഷ്താഖ് അഹമ്മദ് (ആന്ധ്ര), സിപോയ് സൂര്യവംശി (മഹാരാഷ്ട്ര) എന്നിവരാണ് ഹിമപാതത്തിൽ മരിച്ച മറ്റ് സൈനികർ. അപകടത്തിൽപ്പെട്ട് ആറു ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയ ലാൻസ് നായിക് ഹനുമന്തപ്പ ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
