ദീനങ്ങളില്‍ തളര്‍ന്ന് കണ്ണന്‍; മനംനൊന്ത് കുടുംബം
text_fieldsകല്‍പറ്റ: ‘കണ്ണനെ ചേര്‍ത്തുപിടിക്ക് മോളേ’ എന്നു പറയുമ്പോള്‍ ദേവിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. വയ്യായ്കയുടെയും വേദനകളുടെയും ലോകത്ത് ഒന്നു മുരിയാടാന്‍ കഴിയാതെപോയ കൊച്ചനുജനെ ആറുവയസ്സുകാരി രഞ്ജിത സ്നേഹത്തോടെ കൂട്ടിപ്പിടിച്ചു. അപ്പോള്‍, തളരാതെ ബാക്കിയുള്ള ഇടതുകാല്‍ ഒന്നിളക്കി ആ നാലരവയസ്സുകാരന്‍ ചേച്ചിയുടെ വാത്സല്യത്തിന് മറുപടിനല്‍കി. കൊച്ചുപ്രായത്തില്‍ ഈ ആദിവാസി കുരുന്നനുഭവിക്കുന്ന ദുരിതങ്ങളുടെ ആധിക്യം പട്ടികവര്‍ഗ വകുപ്പ് അധികൃതരുടേതൊഴിച്ചുള്ള ഏതു ശിലാഹൃദയങ്ങളെയും അലിയിപ്പിക്കാന്‍ പോന്നതാണ്. പിച്ചവെച്ചുതുടങ്ങുമ്പോള്‍ മാറാരോഗങ്ങള്‍ തളര്‍ത്തിക്കളഞ്ഞ ഏകമകന്‍െറ വിധിയില്‍ പകച്ചിരിക്കുകയാണ് തൃശിലേരി വരിനിലം കോളനിയിലെ കുന്നിന്മുകളിലുള്ള വീട്ടില്‍ മാതാപിതാക്കളായ ജോഗിയും ദേവിയും. ജോബിയെന്നാണ് കണ്ണന്‍െറ യഥാര്‍ഥ പേര്. ഒന്നര വയസ്സുവരെ മാതാപിതാക്കളുടെയും ചേച്ചിമാരായ നീതു, രഞ്ജു, രഞ്ജിത എന്നിവരുടെയും സ്നേഹവാത്സല്യങ്ങള്‍ക്കൊത്ത് കളിച്ചും ചിരിച്ചും കഴിഞ്ഞ അവന് പ്രത്യക്ഷത്തില്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
എന്നാല്‍, പതിയെ കണ്ണനില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ചികിത്സതേടിയപ്പോള്‍, ഹൃദയത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടെന്നായിരുന്നു കണ്ടത്തെല്‍.
രോഗവിവരം തളര്‍ത്തിയ കുടുംബത്തിലേക്ക് പിന്നീടത്തെിയത് കണ്ണന്‍ സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍രോഗം) ബാധിതനാണെന്ന വിവരമായിരുന്നു. കളിചിരികള്‍ കെട്ടുപോയ ആ കൂരയിലേക്ക് ദുരന്തങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ആ കൊച്ചുകുഞ്ഞിനെ തേടിയത്തെി. പിച്ചവെക്കാന്‍ വെമ്പിയ പ്രായത്തില്‍ കണ്ണന്‍െറ ഇടതുകാലും കൈയും പൊടുന്നനെ തളര്‍ന്നുപോയി. ഒപ്പം ആ കുരുന്നിന്‍െറ സംസാരശേഷിയും പതിയെ നഷ്ടമായതോടെ വീട് ശോകമൂകമായി.
കൂലിപ്പണിക്കാരായ ജോഗിക്കും ദേവിക്കും മകന്‍െറ വിദഗ്ധ ചികിത്സ വെല്ലുവിളിയായി മാറുകയായിരുന്നു. സര്‍ക്കാര്‍വക രണ്ടുവര്‍ഷം മുമ്പ് 10,000 രൂപ ലഭിച്ചതോടെ തിരുവനന്തപുരത്ത് ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ ചികിത്സതേടി.
‘ഇപ്പോള്‍ തിരിച്ചുപൊയ്ക്കോളൂ, ഞങ്ങള്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതി’ എന്നുപറഞ്ഞു മടക്കിയശേഷം ഇക്കാലമത്രയും വരിനിലത്തേക്ക് വിളിയത്തെിയില്ല. മൂത്ത മക്കള്‍ക്ക് സ്കൂള്‍ അവധിയുള്ള ദിവസങ്ങളില്‍ കണ്ണനെ അവരെ ഏല്‍പിച്ച് തൊഴിലുറപ്പു പദ്ധതിക്കുപോയി സ്വരൂപിച്ച തുകയുമായി ദേവി മകനെയുംകൊണ്ട് കഴിഞ്ഞമാസം ബാംഗ്ളൂരില്‍ ചികിത്സതേടി. ശ്രീസത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ കണ്ണനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഓപറേഷന്‍ നടത്താന്‍ സന്നദ്ധരല്ളെന്നറിയിച്ചു. കുട്ടിക്ക് വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളുള്ളതായിരുന്നു കാരണം. അവിടന്ന് ശ്രീചിത്രയിലേക്ക് വീണ്ടും റഫര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍, തിരുവനന്തപുരത്തേക്കുള്ള വണ്ടിക്കൂലിപോലും കൈയിലില്ലാത്ത അവസ്ഥയില്‍ സങ്കടക്കടലിലാണ് അടിയവിഭാഗത്തില്‍പെട്ട ഈ കുടുംബം. കുഞ്ഞിന്‍െറ ചികിത്സക്കുവേണ്ടി കഴിഞ്ഞ രണ്ടരവര്‍ഷമായി എല്ലാ വാതിലുകളും മുട്ടിനോക്കുന്ന ഈ കുടുംബം താമസിക്കുന്നത് പട്ടികവര്‍ഗ ക്ഷേമ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ്. ആദിവാസിക്ഷേമത്തിന് കോടികള്‍ ചെലവഴിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് ഒരുപക്ഷേ, ജില്ലയിലെതന്നെ ഏറ്റവുംവലിയ രോഗാതുരനായ ഈ കുരുന്ന് ചികിത്സക്കുവേണ്ടി കേഴുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
