സോളാര്‍ സിറ്റിങ്ങില്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകനും കമീഷനും ഏറ്റുമുട്ടി
text_fieldsകൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരെ വിസ്തരിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകനും സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജനും തമ്മില്‍ വാക്പോര്. അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ തേജോവധം ചെയ്യുകയാണെന്ന സരിതയുടെ അഭിഭാഷകന്‍െറ ആരോപണമാണ് രൂക്ഷമായ വാദപ്രതിവാദത്തിന് ഇടയാക്കിയത്. ക്രിമിനല്‍ വിഷയങ്ങള്‍ ചോദിക്കാന്‍ അനുവദിക്കില്ളെന്നും ഇതൊരു അന്വേഷണകമീഷനാണെന്നും കമീഷന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ ഉണര്‍ത്തി. സരിതക്ക് എന്തും പറയാം അത് എഴുതിയെടുക്കാം; എന്നാല്‍, തനിക്ക് ക്രോസ് ചെയ്യാന്‍ പാടില്ളേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍െറ മറുപടി. കക്ഷിയുടെ അഭിഭാഷകന്‍ എതിര്‍ത്താല്‍ അനുവദിക്കാനാവില്ളെന്നും ക്രോസ് വിസ്താരം പരിധികടക്കുന്നുവെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.
രാവിലെ 11ഓടെയാണ് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം നടത്താന്‍ തുടങ്ങിയത്. സോളാര്‍ ബിസിനസിനുമുമ്പ് സരിതയും ബിജുവും നടത്തിയിരുന്ന ക്രെഡിറ്റ്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ചോദിച്ചു മനസ്സിലാക്കുന്നതിനിടെ സരിതയുടെ അഭിഭാഷകന്‍ സി.ഡി. ജോണി ഇടപെടുകയായിരുന്നു. ക്രോസ് വിസ്താരം ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സോളാര്‍ വിഷയത്തിലേക്ക് കടക്കുന്നില്ളെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് തന്‍െറ കക്ഷിയെ തേജോവധം ചെയ്യുകയാണെന്നും സരിതയുടെ അഭിഭാഷകന്‍ ആരോപിച്ചു. തുടര്‍ന്നായിരുന്നു കമീഷന്‍െറ ഇടപെടലുണ്ടായത്. കമീഷന്‍െറ നിലപാടിനെതിരെ സീനിയര്‍ ഗവ. പ്ളീഡര്‍ റോഷന്‍ ഡി. അലക്സാണ്ടറും രംഗത്തുവന്നു. ഒരു ചോദ്യം പോലും സരിതയെ തേജോവധം ചെയ്യുന്നതല്ളെന്ന് പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് ഗവ. പ്ളീഡര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ തുടര്‍ച്ചയായി വിസ്തരിച്ചപ്പോള്‍ ഇതൊന്നും ബാധകമായിരുന്നില്ളേ എന്നായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ അഭിഭാഷകന്‍ രാജു ജോസഫിന്‍െറ വാദം. തുടര്‍ന്ന് 14 മണിക്കൂര്‍ വിസ്താരത്തിനിരുന്നത് ക്രെഡിറ്റായി കാണേണ്ടെന്നും തന്നെയാരും ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും കമീഷന്‍ മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഒറ്റദിവസംകൊണ്ട് വിസ്താരം തീര്‍ത്തതെന്നും കമീഷന്‍ പറഞ്ഞു.
സാക്ഷി പറയുന്നത് മാത്രം വെച്ച് ക്രോസ് വിസ്താരം നടത്താനാകില്ളെന്നും സാക്ഷി മറ്റുള്ളവരെ തേജോവധം ചെയ്യുകതന്നെയാണെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ആരോപിച്ചു. ക്രോസ് വിസ്താരത്തിനും അടിസ്ഥാന ചോദ്യങ്ങള്‍ ചോദിച്ചാണ് സത്യത്തിലേക്ക് എത്തിച്ചേരുന്നത്. അതിനാല്‍ തന്നെയും ഭയപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകനും വ്യക്തമാക്കി. ക്രോസ് വിസ്താരത്തിന്‍െറ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി കമീഷന്‍ അഭിഭാഷകന്‍ ഹരികുമാറും ഇക്കാര്യത്തില്‍ ഇടപെട്ടു. കുറേക്കാലം ജഡ്ജിയായിരുന്നതിനാല്‍ തനിക്കിതെല്ലാം അറിയാമെന്നുപറഞ്ഞ കമീഷന്‍, ആര് എന്തൊക്കെ പറഞ്ഞാലും 1952ലെ നിയമം എന്ത് പറഞ്ഞിട്ടുണ്ടോ അതനുസരിച്ച് മാത്രമേ താന്‍ ചെയ്യൂവെന്ന് മേശപ്പുറത്തിരുന്ന നിയമപുസ്തകത്തില്‍ കൈതൊട്ട് വ്യക്തമാക്കി.
തുടര്‍ന്ന് ഉച്ചവരെയുള്ള വിസ്താരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, വിസ്താരത്തിനിടെ കമീഷന്‍ അനാവശ്യമായി ഇടപെടുകയായിരുന്നുവെന്നും കമീഷന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ സരിതയില്‍നിന്ന് പുറത്തുവരുമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
