തിരുവനന്തപുരം: ജുഡീഷ്യറിക്കെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. സീസര്‍ മാത്രമല്ല സീസറിൻെറ ഭാര്യയും സംശയങ്ങള്‍ക്ക് അതീതമാകണമെന്നത് കോടതികള്‍ക്കും ബാധകമാണെന്ന് വീക്ഷണം വ്യക്തമാക്കി.
ജനാധിപത്യത്തിൻെറ നെടുംതൂണുകളായ ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും വിമര്‍ശന വിധേയമെങ്കില്‍ ജുഡീഷ്യറി വിമര്‍ശത്തിന് അതീതമല്ല. കേസുമായി ബന്ധമില്ലാതെ ന്യായാധിപന്മാര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളേയും നിരീക്ഷണങ്ങളേയും വിമര്‍ശിക്കുന്നത് എങ്ങനെ കോടതിയലക്ഷ്യമാകുമെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ ചോദിച്ചു.
ജുഡീഷ്യല്‍ സമ്പ്രദായം പരിപൂര്‍ണമായും ശുദ്ധമാണെന്നും ന്യായാധിപന്മാര്‍ വിശുദ്ധപശുക്കളാണെന്നും ആരും കരുതുന്നില്ല. സമൂഹത്തെ ബാധിച്ച മൂല്യച്യുതിയില്‍ നിന്ന് നിയമലോകം മുക്തമല്ല. നീതിപീഠങ്ങള്‍ കര്‍ത്തവ്യങ്ങളില്‍ നിന്ന് വിമുഖരാവുകയോ നിര്‍ഭയത്വം വെടിയുകയോ ചെയ്യുമ്പോഴാണ് ജനങ്ങള്‍ അസ്വസ്ഥരാകുന്നതും വിമര്‍ശനമുയരുന്നതെന്നും വീക്ഷണം വ്യക്തമാക്കി.