പി.സി ജോർജിനെ കേരള കോൺഗ്രസ് സെക്യുലറിൽ നിന്ന് പുറത്താക്കി
text_fieldsകൊച്ചി: കേരള കോൺഗ്രസ് സെക്യുലർ പാർട്ടിയിൽ നിന്നും പ്രത്യേക ക്ഷണിതാവ് പി.സി ജോർജിനെ പുറത്താക്കിയതായി ചെയർമാൻ ടി.എസ് ജോൺ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി ചേർന്ന് മത്സരിക്കില്ലെന്നും ജോൺ വ്യക്തമാക്കി.
പാർട്ടിയുടെ നയങ്ങൾക്കും തീരുമാനങ്ങൾക്കും എതിരായി പ്രവർത്തിച്ചതിനും സമൂഹത്തിലെ സമുന്നതരെ വ്യക്തിഹത്യ നടത്തിയതിനുമാണ് ജോർജിനെതിരെ നടപടിയെടുത്തത്. ജനുവരി 31ന് മുമ്പ് മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാത്തതിനാലാണ് ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്നും ടി.എസ് ജോൺ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് സെക്യൂലറുമായി പ്രാദേശിക സഹകരണമാകാമെന്ന ഇടതുമുന്നണിയുടെ നയം അംഗീകരിക്കാൻ സാധിക്കില്ല. യോജിക്കാവുന്ന കക്ഷികളുമായി യോജിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും ബി.ജെ.പിയോട് അയിത്തമില്ലെന്നും ജോൺ പറഞ്ഞു.
