മുഖ്യമന്ത്രിയെ സ്വൈര്യമായി നടക്കാൻ അനുവദിക്കില്ല: പിണറായി
text_fieldsകൊച്ചി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്വൈര്യമായി ഇറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇത്രയും ആരോപണങ്ങൾ നേരിട്ടിട്ടും രാജിവെക്കാത്ത മുഖ്യമന്ത്രിക്കെതിരെ ജനരോഷം രൂക്ഷമാണ്. അതിനാൽ തന്നെ അദ്ദേഹത്തിനെതിരെയുള്ള എതിർപ്പും ചെറുതാവാൻ വഴിയില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളെ അടിച്ചൊതുക്കാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത് . അതാണ് ചെയ്തുകൊണ്ടിരിക്കുന്നതും. എന്നാല്‍ അടിച്ചൊതുക്കുന്തോറും ശക്തി പ്രാപിക്കുന്നതാണ് പ്രതിഷേധങ്ങളെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ബജറ്റ് അവതരണവേളയിൽ നിയമസഭക്കകത്ത് ഏതു രീതിയിൽ പ്രതിഷേധിക്കണമെന്നത് സംബന്ധിച്ച് മറ്റ് കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നിലമറന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനിറങ്ങിയതാണ് കെ.സി ജോസഫ്. സാധാരണ ഗതിയിൽ അത്ര തീവ്രമായി അഭിപ്രായ പ്രകടനം നടത്താത്ത കെ.സി ജോസഫ് പോലും അതിനിശിതമായാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ജഡ്ജിമാരെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസിന്‍റെ ജീര്‍ണതയാണ് ഇത് വെളിവാക്കുന്നത്. തനിക്കെതിരായ വിധി വരുമ്പോള്‍ അണികളെകൊണ്ട് ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ രീതിയാണ്. ഹൈകോടതി ജഡ്ജിയെ മാത്രമല്ല, പാമോലിന്‍ കേസിലെ വിജിലന്‍സ് ജഡ്ജിയേയും സോളാര്‍കേസില്‍ അന്വേഷണതിന് ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് ജഡ്ജിയേയും ഇവര്‍ അധിക്ഷേപിച്ചു.
ഉമ്മന്‍ചാണ്ടിക്കെതിരായ സരിതയുടെ വെളിപ്പെടുത്തലിന് പിന്നില്‍ സി.പി.എമ്മിന് പങ്കില്ല. സരിതക്ക് പത്ത് കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തെ അന്നു തന്നെ നിഷേധിച്ചിട്ടുള്ളതാണ്. പണം കൊടുത്തും ഉപജാപക സംഘങ്ങള്‍ വഴിയും അധികാരം പിടിച്ചെടുക്കുന്നതും സി.പി.എമ്മിന്‍റെ രീതിയല്ലെന്നും പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
