തീവ്രവാദ ഭീഷണി: വെള്ളാപ്പള്ളിയുടെ സ്ഥിരം തട്ടിപ്പുകളിലൊന്നെന്ന്
text_fieldsതൊടുപുഴ: തീവ്രവാദ ഭീഷണി ഉണ്ടെന്ന പേരില്‍ കേന്ദ്രസേനയുടെ സംരക്ഷണം തേടിയത് വെള്ളാപ്പള്ളി നടേശന്‍െറ സ്ഥിരം തട്ടിപ്പ് പരിപാടികളില്‍ ഒന്നു മാത്രമാണെന്ന് ശ്രീനാരായണ ധര്‍മവേദി സംസ്ഥാന നേതൃ യോഗം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി കുറച്ചുനാള്‍ കഴിഞ്ഞ് പ്രസംഗവേദിയിലെ മൈക്കിലെ വൈദ്യുതി വയറില്‍നിന്ന് എര്‍ത്തടിച്ചപ്പോള്‍ തന്നെ കറന്‍റടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി കേരള പൊലീസിന്‍െറ സംരക്ഷണം തേടിയയാളാണ് വെള്ളാപ്പള്ളി. കഴിഞ്ഞ 19 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമായി 24 മണിക്കൂറും യാത്ര ചെയ്യുന്ന വെള്ളാപ്പള്ളിയെ ഏതെങ്കിലും ഒരു വ്യക്തി കൈയേറ്റത്തിന് ശ്രമിച്ചതായി കേരളത്തിലെ പൊലീസ് സ്റ്റേഷനിലോ മറ്റ് സംസ്ഥാനങ്ങളിലോ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? വെള്ളാപ്പള്ളി നടേശന് ഏതെങ്കിലും തരത്തില്‍ ഭീഷണി ഉണ്ടെങ്കില്‍ കേരള പൊലീസും ഇന്‍റലിജന്‍സ് വിഭാഗവും അക്കാര്യം വെളിപ്പെടുത്താന്‍ തയാറാകണം. എന്നാല്‍, വെള്ളാപ്പള്ളിക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകള്‍ പൊലീസ് സ്റ്റേഷനിലും കോടതികളിലും ഉള്ളതായി എല്ലാവര്‍ക്കും അറിയാം.
ശാശ്വതീകാനന്ദയുടെ ദുരൂഹമരണം അടക്കം നിരവധി ആരോപണങ്ങളില്‍പെട്ട വെള്ളാപ്പള്ളിക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്ന സാഹചര്യത്തില്‍ കേന്ദ്രസേനയുടെ സംരക്ഷണം നല്‍കിയത് ഏറെ ദുരൂഹതയാണ്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന് ജാമ്യമെടുത്ത് നില്‍ക്കുന്ന പ്രതിയെ മറ്റ് കേസുകളില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കമെന്നും വേദി സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ബിജു രമേശ്, സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍, പ്രഫ. ജി. മോഹന്‍ദാസ്, ടി.കെ. രാജന്‍, കണ്‍വീനര്‍മാരായ സൗത് ഇന്ത്യന്‍ വിനോദ്, അഡ്വ. വി.വി. സത്യന്‍, പ്രഫ. കെ.ബി. സുശീല, രവീന്ദ്രന്‍ പൊയ്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
