അമൃതം പ്രീമിയം ടീ കൃത്രിമ രാസവസ്തു ചേര്‍ത്തത്; 1500 കിലോ തേയില ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: അമൃതം പ്രീമിയം ടീ എന്ന പേരില്‍ കൃത്രിമ നിറങ്ങള്‍, കൃത്രിമ രുചിവര്‍ധക വസ്തുക്കള്‍ എന്നിവ ചേര്‍ത്ത തേയില സംസ്ഥാനത്ത് ഹോട്ടലുകളിലും ചായക്കടകളിലും തട്ടുകടകളിലും വ്യാപകമായി വിതരണം ചെയ്തുവരുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടത്തെി. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ വിതരണക്കാരായി പ്രവര്‍ത്തിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഏകദേശം 1500ഓളം കിലോ തേയില പിടിച്ചെടുക്കുകയും ഇവരുടെ ഗോഡൗണുകള്‍ സീല്‍ ചെയ്യുകയും ചെയ്തു.
പ്രമുഖ സ്ഥാപനങ്ങളുടെയും സ്കൂളുകളുടെയും കാന്‍റീനുകളില്‍ അടക്കം ഇതു വ്യാപകമായി ഉപയോഗിച്ചുവരുന്നതായും കണ്ടത്തെി. ലേബലില്‍ കണ്ട കമ്പനിയുടെ വിലാസവും മറ്റു വിവരങ്ങളും വ്യാജമാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്‍െറ മറ്റു ഭാഗങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നതായാണ് പിടിയിലായവര്‍ നല്‍കുന്ന സൂചന.
ഉപയോഗിച്ചുകഴിഞ്ഞ തേയിലച്ചണ്ടിയില്‍ കൃത്രിമ പദാര്‍ഥങ്ങള്‍ ചേര്‍ത്താണ് ഈ തേയില തയാറാക്കി പാക്ക് ചെയ്യുന്നത്. തിരുവനന്തപുരം അസി. ഫുഡ്സേഫ്റ്റി കമീഷണര്‍മാരായ ഭൂസുധ, എ. സതീഷ്കുമാര്‍, ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ അജയകുമാര്‍, ഗൗരീഷ്, ഇന്ദു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കണ്ടത്തെിയത്. പിടിച്ചെടുത്ത തേയില രാസപരിശോധനക്കുവേണ്ടി സര്‍ക്കാര്‍ അനലിസ്റ്റ് ലാബിലേക്ക് അയച്ചു.
പരിശോധനാഫലം ലഭിക്കുന്നമുറക്ക് നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. പരിശോധന മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
അമൃതം പ്രീമിയം ടീ എന്ന പേരില്‍ പുറത്തിറങ്ങുന്ന തേയില വാങ്ങി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഓഫിസിലെ 8943346526, 8943346529, 8943346198 നമ്പറുകളില്‍ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
