ഉണ്യാല്‍ സര്‍വകക്ഷി യോഗം; മുസ്ലിം ലീഗ് ഇറങ്ങിപ്പോയി
text_fields
മലപ്പുറം: ഉണ്യാലില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍നിന്ന് മുസ്ലിം ലീഗ് ഇറങ്ങിപ്പോയി. വ്യാഴാഴ്ച മൂന്നരക്ക് കലക്ടറുടെ ചേംബറില്‍ യോഗം ആരംഭിച്ചതിന് പിറകെ ലീഗ് പ്രതിനിധികള്‍ ഇറങ്ങിപ്പോരുകയായിരുന്നു. മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് പ്രതിനിധിയുമായ അബ്ദുറഹ്മാന്‍ രണ്ടത്താണി യോഗത്തില്‍ പങ്കെടുക്കുന്നതിനെതിരെ വി. അബ്ദുറഹ്മാന്‍ എം.എല്‍.എ സ്വീകരിച്ച നിലപാടാണ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ക്ഷണമനുസരിച്ചാണ് യോഗത്തിനത്തെിയത്. ലീഗിനെ പ്രതിനിധീകരിച്ച് ആര് യോഗത്തില്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. മുന്‍ എം.എല്‍.എയും പ്രദേശത്തെ പ്രശ്നങ്ങളില്‍ ഇടപെടുന്നയാള്‍ എന്ന നിലയിലുമാണ് രണ്ടത്താണിയെ പങ്കെടുപ്പിച്ചത്. പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് വി. അബ്ദുറഹ്മാന്‍ എം.എല്‍.എയെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ലീഗിനെ പ്രതിനിധീകരിച്ച് ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ, താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി. അഷ്റഫ്, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സെയ്തലവി, കെ.സി. ബാവ, കെ. ഹംസക്കോയ എന്നിവരാണത്തെിയിരുന്നത്.