വരും വറുതിക്കാലം; ഉറപ്പ്
text_fieldsതൃശൂര്‍: സെപ്റ്റംബറില്‍ പെയ്യേണ്ട മഴയുടെ രണ്ടോ മൂന്നോ ഇരട്ടി ലഭിച്ചാലും കേരളത്തില്‍ ഇക്കുറി വരള്‍ച്ച ഉറപ്പെന്ന് കാലാവസ്ഥാ വിദഗ്ധര്‍. കാലവര്‍ഷത്തിന്‍െറ ആദ്യപാദമുണ്ടായ മഴക്കമ്മി ആഗസ്റ്റിലും തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തിന് സമാനമായ വരള്‍ച്ചയാണ് കാലാവസ്ഥാനിരീക്ഷകര്‍ പ്രവചിക്കുന്നത്.
മഴ കുറയുന്ന പ്രവണത കൂടിവരുന്നതിനാല്‍ സെപ്റ്റംബറില്‍ മഴ കൂടുമെന്ന് പ്രതീക്ഷിക്കാനുമാവില്ല. മണ്‍സൂണ്‍ മഴയുടെ 35 ശതമാനം ലഭിക്കേണ്ട ജൂണില്‍ 10 ശതമാനം കുറവായിരുന്നു. ജൂലൈയിലാണ് വന്‍ കുറവ്- 32 ശതമാനം. ആഗസ്റ്റില്‍ 20 ശതമാനം മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ കാര്യമായ മഴ ആഗസ്റ്റില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സെപ്റ്റംബറില്‍ 12 ശതമാനം മഴയാണ് കണക്ക് അനുസരിച്ച് കിട്ടേണ്ടത്. ആഗസ്റ്റിലെ സാഹചര്യം പരിഗണിച്ചാല്‍ സെപ്റ്റംബറിലും മഴ കുറയാനാണ് സാധ്യത. എന്നാല്‍ പ്രാദേശിക പ്രതിഭാസങ്ങള്‍ക്കപ്പുറം ആഗോളപ്രതിഭാസങ്ങളാണ് കാലവര്‍ഷത്തിന് കാരണമെന്നതിനാല്‍ മഴ പെയ്യുമെന്ന പ്രതീക്ഷ കാലാവസ്ഥ പ്രവചനക്കാര്‍ കൈവിട്ടിട്ടില്ല.
രാജ്യത്തിന്‍െറ വടക്കു-കിഴക്കന്‍ മേഖലകള്‍ ഒഴികെ മറ്റുഭാഗങ്ങളിലെല്ലാം മഴ ശക്തമാണ്. ഇതുവരെ രണ്ടു ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായത്. ഇക്കുറി ആറുശതമാനം മഴ രാജ്യത്ത് കൂടുതല്‍ ലഭിക്കുമെന്ന പ്രവചനം ശരിയാവുമെന്ന നിലയിലാണ് കാര്യങ്ങള്‍. അതുകൊണ്ട് തന്നെ കേരളത്തിന്‍െറ മഴക്കമ്മിയില്‍ ആശങ്കയിലാണ് ശാസ്ത്രലോകം. സംസ്ഥാനത്തെ അണക്കെട്ടുകള്‍ വറ്റിവരളുകയാണ്. കുടിവെള്ള സ്രോതസ്സുകളുടെ കാര്യവും തഥൈവ. കൃഷിയും അതിനപ്പുറം ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ വെള്ളം ഇല്ലാതാകുന്നത് വൈദ്യുതിക്കമ്മിക്ക് ഇടയാക്കും. 1701 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് ഇതുവരെ 1229 മി.മീ മഴയാണ് ലഭിച്ചത്.
28 ശതമാനം കുറവ്. കഴിഞ്ഞമാസം ഒമ്പത് ജില്ലകളിലാണ് മഴക്കമ്മിയെങ്കില്‍ ഈമാസം 11 ജില്ലകളിലാണ് മഴക്കമ്മി. ബാക്കി മൂന്നു ജില്ലകളില്‍ സാങ്കേതികമായി ശരാശരി മഴ ലഭിച്ചു. 2015ല്‍ 26 ശതമാനം മഴക്കമ്മിയാണ് ഉണ്ടായതെങ്കില്‍ ഇതിനെക്കാള്‍ ഭീകരമായ അവസ്ഥയാണ് ഇക്കുറി വരാനിരിക്കുന്നത്. കര്‍ക്കടകത്തിലെ 10 ഉണക്കെന്നത് 20തില്‍ അധികം ലഭിച്ചെന്നാണ് പഴമക്കാരുടെ വാദം. ഓരോ വര്‍ഷവും കഴിയുമ്പോള്‍ മഴ കുറയുന്നതിന് കാരണങ്ങള്‍ പരതുകയാണ് കാലാവസ്ഥ നിരീക്ഷകര്‍.
രാജ്യത്ത് മഴ കൃത്യമായി ലഭിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കുറയുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. ആഗോളതാപനത്തിന്‍െറയും കാലാവസ്ഥ വ്യതിയാനത്തിന്‍െറയും പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഈ സാഹചര്യം തുടരുന്നത്. ഇക്കാര്യത്തില്‍ കൃത്യമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഡോ. സി.എസ്. ഗോപകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
