അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലും -കെ.ടി ജലീൽ
text_fieldsതിരുവനന്തപുരം: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുക തന്നെ ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. ഇതുസംബന്ധിച്ച നടപടികള്‍ അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. മൃഗസ്‌നേഹികളെന്നും പ്രകൃതി സ്‌നേഹികളെന്നും അവകാശപ്പെട്ട് ഇറങ്ങുന്നവര്‍ യഥാര്‍ഥ മൃഗസ്‌നേഹികള്‍ അല്ല. മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം സമൂഹത്തിന്‍റെ നന്മയും ജനങ്ങളുടെ സുരക്ഷയുമല്ലെന്ന് അവര്‍ നടത്തുന്ന പ്രസ്താവനകളിൽ നിന്ന് വ്യക്തമാണെന്നും ജലീൽ പറഞ്ഞു.
മനുഷ്യരുടെ ജീവനാണ് ഏറ്റവും പ്രധാനം. അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും യാതൊരു വിട്ടുവീഴ്ചയും വരുത്തേണ്ടതില്ല. നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കുന്നുണ്ട്. എന്നാല്‍, വന്ധ്യംകരണം ഫലപ്രദമല്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം വ്യക്തമാക്കുന്നത്. നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സ്ഥിതിയിലെത്തിയിട്ടുണ്ടെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
