നീറ്റ് ഫലം വന്നിട്ടും ആശയക്കുഴപ്പം ബാക്കി
text_fieldsതിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ്)പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും പ്രവേശനടപടികള്‍ സംബന്ധിച്ച് ആശയക്കുഴപ്പം. സംസ്ഥാനത്തെ സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് അലോട്ട്മെന്‍റ് നടത്തുന്നത് സംബന്ധിച്ചാണ് വ്യക്തതവേണ്ടത്. ഇക്കാര്യത്തില്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
നീറ്റ് പരീക്ഷ നടത്തിയ സി.ബി.എസ്.ഇയോട് കേരളത്തില്‍നിന്നുള്ളവരുടെ പട്ടിക ആവശ്യപ്പെടണമോ എന്നതുസംബന്ധിച്ചും സര്‍ക്കാര്‍ തീരുമാനമെടുക്കണം. മാനേജ്മെന്‍റ് സീറ്റിലെ പ്രവേശരീതി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തശേഷമേ മാനേജ്മെന്‍റുകളുമായി ഫീസ് നിരക്ക് സംബന്ധിച്ച് ചര്‍ച്ചനടത്താനാകൂ. ആദ്യ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. നീറ്റ് ഫലം വന്നിട്ടും പ്രവേശനടപടികളില്‍ അവ്യക്തത നിലനില്‍ക്കുന്നത് വിദ്യാര്‍ഥികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ദിവസങ്ങള്‍ നീളുന്നത് മറ്റ് ചില കോഴ്സുകളിലെ പ്രവേശത്തിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
ഇക്കൊല്ലം സ്വാശ്രയ കോളജുകളിലെയും കല്‍പിത സര്‍വകലാശാലകളിലെയും സീറ്റുകളില്‍ സര്‍ക്കാര്‍ നേരിട്ട് പ്രവേശംനടത്തുന്നത് പരിഗണിക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. ഇതിന്‍െറ അടിസ്ഥാനത്തില്‍ അലോട്ട്മെന്‍റ് ഓണ്‍ലൈനായി നടത്തി പ്രവേശം സുതാര്യമാക്കണമെന്ന് ജയിംസ് കമ്മിറ്റിയും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശത്തില്‍ ഇതുവരെ മാറ്റംവരുത്തിയിട്ടില്ളെന്ന് കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് ജെ.എം. ജയിംസ് പറഞ്ഞു.
അതേസമയം മാനേജ്മെന്‍റ് അസോസിയേഷന്‍ ബുധനാഴ്ച കൊച്ചിയില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം ഉപേക്ഷിച്ചു. പ്രതിനിധികള്‍ ടെലികോണ്‍ഫറന്‍സ് വഴി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുകമാത്രമാണുണ്ടായതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്ര നിലപാടിനോടും ജയിംസ് കമ്മിറ്റി നിര്‍ദേശത്തോടും മാനേജ്മെന്‍റുകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ക്ക് റാങ്ക് നോക്കാതെ പ്രവേശംനല്‍കാന്‍ അനുവദിക്കണമെന്ന നിലപാടാണ് ചില മാനേജ്മെന്‍റുകള്‍ക്കുള്ളത്. നടപടി സുതാര്യമാക്കുന്നതിന്‍െറ പേരില്‍ റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശംനല്‍കുകയാണെങ്കില്‍ ഫീസ് ഉയര്‍ത്തണമെന്ന ആവശ്യവും മാനേജ്മെന്‍റുകള്‍ ഉന്നയിക്കുന്നുണ്ട്. മെറിറ്റ് അടിസ്ഥാനത്തില്‍ അലോട്ട്മെന്‍റ് നല്‍കുകയാണെങ്കില്‍ മാനേജ്മെന്‍റുകളുടെ ആവശ്യത്തിന് ഭാഗികമായെങ്കിലും സര്‍ക്കാറിന് വഴങ്ങേണ്ടിവരും. ഇക്കാരണത്താല്‍ പ്രവേശനടപടി, ഫീസ് നിശ്ചയിക്കല്‍ എന്നിവയില്‍ സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.
2013ല്‍ അഖിലേന്ത്യാപരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ലിസ്റ്റ് പ്രത്യേകം ലഭിച്ചിരുന്നു. ഇതില്‍നിന്നാണ് കോളജുകളിലേക്ക് അലോട്ട്മെന്‍റ് നടത്തിയത്. ഇക്കുറിയും സംസ്ഥാന ലിസ്റ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
