മഅ്ദനിയുടെ ജയില്‍വാസത്തിന് ആറു വയസ്സ്
text_fieldsബംഗളൂരു: അനന്തമായി നീളുന്ന കോടതി നടപടികള്‍ക്കിടയില്‍ കര്‍ണാടക ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍വാസത്തിന് ബുധനാഴ്ച ആറ് വയസ്സു തികയുന്നു. 32 പ്രതികളുള്ള ബംഗളൂരു സ്ഫോടന കേസില്‍ 31ാം പ്രതിയായാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ 2010 ആഗസ്റ്റ് 17ന് ശാസ്താംകോട്ടയിലെ അനാഥശാലയായ അന്‍വാറുശ്ശേരിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
2008 ജൂലൈ 25ന് ബംഗളൂരുവില്‍ ഒമ്പതിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഒന്നാം പ്രതിയായ തടിയന്‍റവിട നസീറുമായി മഅ്ദനി കുടകിലെ മടിക്കേരിയിലും എറണാകുളത്തെ വാടകവീട്ടിലും കൂടിക്കാഴ്ച നടത്തിയത് കണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചനക്കുറ്റവും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.
കുടകില്‍ വെച്ച് മഅ്ദനിയെ കണ്ടതായി മൊഴി നല്‍കിയ കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷികളിലൊരാളായ റഫീഖ്, എറണാകുളത്ത് വാടക വീട്ടില്‍വെച്ച് ഒന്നാം പ്രതി തടിയന്‍റവിട നസീറിന്‍െറ സാന്നിധ്യത്തില്‍ ഗൂഢാലോചന നടത്തി എന്നതിന്‍െറ പ്രധാന സാക്ഷിയായിരുന്ന എറണാകുളം സ്വദേശി മജീദ്, വാടക വാങ്ങാന്‍ ചെന്നപ്പോള്‍ ഗൂഢാലോചന നടത്തുന്നത് കേട്ടെന്ന് മൊഴി നല്‍കിയ വീട്ടുടമ ജോസ് വര്‍ഗീസ് എന്നിവരും പിന്നീട് മൊഴികള്‍ നിഷേധിച്ചിരുന്നു. എന്നിട്ടും ജാമ്യം അനുവദിക്കാന്‍ കോടതി കൂട്ടാക്കിയില്ല. ഒമ്പത് കേസുകളായി രജിസ്റ്റര്‍ ചെയ്ത സ്ഫോടനക്കേസുകള്‍ ഏകീകരിക്കണമെന്നാവശ്യവും നിരാകരിക്കപ്പെട്ടു. 1500ഓളം സാക്ഷികളുള്ള കേസില്‍ മഅ്ദനിയുമായി ബന്ധപ്പെട്ട് 30ഓളം സാക്ഷികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
