കൊച്ചി: നൂറ്റിപ്പത്ത് പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍െറ സമയപരിധി അവസാനിക്കാറായിട്ടും അന്വേഷണ വിഷയങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചില്ല. അപകടം നടന്ന് ദിവസങ്ങള്‍ക്കകം റിട്ടയേര്‍ഡ് ഹൈകോടതി ജഡ്ജി എന്‍. കൃഷ്ണന്‍ നായരെ ജുഡീഷ്യല്‍ കമീഷനായി നിശ്ചയിച്ച് ഉത്തരവിറക്കിയെങ്കിലും അന്വേഷണ പരിധിയില്‍ വരേണ്ട വിഷയങ്ങള്‍ (ടേംസ് ഓഫ് റഫറന്‍സ്) ഇതുവരെ നിശ്ചയിച്ചിട്ടില്ല.
2016 ഏപ്രില്‍ 21ന് പുറത്തിറക്കിയ ഉത്തരവില്‍ വിജ്ഞാപനം പുറത്തിറങ്ങി ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. ഉത്തരവിട്ട് നാല് മാസം പിന്നിടുമ്പോള്‍ കേരള ആര്‍.ടി.ഐ ഫെഡറേഷന് വേണ്ടി അഡ്വ. ഡി.ബി. ബിനു സമര്‍പ്പിച്ച അപേക്ഷയില്‍ മറുപടിയായാണ് ടേംസ് ഓഫ് റഫറന്‍സ് ഇതുവരെ നിശ്ചയിച്ചിട്ടില്ളെന്ന സര്‍ക്കാര്‍ വെളിപ്പെടുത്തല്‍.
2016 ഏപ്രില്‍ 10നുണ്ടായ വെടിക്കെട്ട് അപകടത്തില്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു..