വഞ്ചനക്കേസില്‍ എന്‍.സി.പി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍
text_fieldsകൊച്ചി: വഞ്ചനക്കേസില്‍ പ്രതിയായ എന്‍.സി.പി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍. ഏലൂര്‍ ഉദ്യോഗമണ്ഡല്‍ എത്തിയിടത്ത് പുത്തന്‍പുര വീട്ടില്‍ ജയകുമാറാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി സ്വദേശിനി ജലജയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനിലും മറ്റ് രണ്ട് പേരുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനിലും കേസുണ്ട്. കൂടാതെ പെരുമ്പാവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും കേസ് നിലവിലുണ്ട്. ഒരു കോടി മുപ്പത് ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിനാണ് പെരുമ്പാവൂര്‍ കോടതിയില്‍ കേസുള്ളത്. പാലാരിവട്ടത്ത് വിഷ്ണു ഫൈനാന്‍സിയേഴ്സ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന ഇയാള്‍ പറവൂര്‍, എളമക്കര, മുപ്പത്തടം കടുങ്ങല്ലൂര്‍, പോണേക്കര എന്നിവിടങ്ങളില്‍ ശാഖകളും ആരംഭിച്ചിരുന്നു. ജ്വല്ലറി തുടങ്ങാനെന്ന വ്യാജേനെയാണ് ഇടപ്പള്ളി സ്വദേശിനിയില്‍നിന്നും പതിനാറ് ലക്ഷം രൂപ തട്ടിയെടുത്തത്. എളമക്കര, വീക്ഷണം റോഡ്, ഏലൂര്‍ വടക്കുംഭാഗം എന്നിവിടങ്ങളില്‍ ഇയാള്‍ക്ക് വസ്തുക്കളുള്ളതായും നിരവധി ആഡംബര കാറുകളുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നേരത്തേ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കൊച്ചി സിറ്റി പൊലീസ് കമീഷണറെ സമീപിച്ചത്. മറ്റു തട്ടിപ്പുകളെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
