മാണിയോട് വിയോജിപ്പ്: എൻ.ഡി.എയിലേക്കില്ലെന്ന് മോൻസ് ജോസഫ്
text_fieldsകോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിയുടെ നിലപാടുകളിൽ വിയോജിപ്പുമായി ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ്. കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ മുന്നണി രാഷ്ട്രീയം യാഥാർഥ്യമാണ്. ഇക്കാര്യം പാർട്ടിയിൽ വിശദമായി ചർച്ച ചെയ്യും.
ഒരു കാരണവശാലും എൻ.ഡി.എയിലേക്ക് പോകില്ല. മത ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊള്ളുന്നവരെ പിന്തുണക്കും. തങ്ങൾക്ക് പിന്തുണ നൽകുന്ന ജനവിഭാഗത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ബലികൊടുക്കില്ല. ഇതേക്കുറിച്ചെല്ലാം തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് പാർട്ടിയിൽ പറയുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
എല്ലാ മുന്നണികളോടും സമദൂരം പാലിക്കണമെന്ന നിലപാടിലാണ് കെ.എം.മാണി. ഒരു മുന്നണിയിലും അംഗമാകില്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് മുൻതൂക്കമെന്നും മാണി അറിയിച്ചിരുന്നു. ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാവായ മോൻസ് ജോസഫ് മാണിയുടേതിന് വിരുദ്ധമായ നിലപാടുമായി പരസ്യമായി രംഗത്ത് വന്നതിന് ഏറെ പ്രസക്തിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.