ഓണത്തിന് ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബില്‍ കളക്ടര്‍മാര്‍ വഴി – മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ ഓണക്കാലത്ത് സഹകരണ ബില്‍ കളക്ടര്‍മാര്‍ വഴി ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത് ഇപ്പോള്‍ തന്നെ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ മുതല്‍ മണിയോര്‍ഡര്‍ വഴിയും പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കി. നിലവില്‍ 2700 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയുണ്ട്. ഒക്ടോബര്‍ വരെയാകുമ്പോള്‍ ഇത് 3000 കോടിയായി ഉയരും. അത് സഹകരണ ബാങ്കുകള്‍ക്ക് നല്‍കി, ബില്‍ കളക്ടര്‍മാര്‍ വഴി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, 70 ശതമാനം പെന്‍ഷനും സഹകരണ ബാങ്കുകള്‍ വഴി വീടുകളിലത്തെിക്കാനാണ് പരിപാടിയെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഫേസ്ബുക്കില്‍ പറഞ്ഞു.
ബാക്കി അക്കൗണ്ടുകളില്‍ ഇട്ടുകൊടുക്കും. ക്ഷേമനിധികളുടെ പെന്‍ഷന്‍ അവര്‍ തന്നെ നേരിട്ട് വിതരണംചെയ്യും. ധനവകുപ്പ് ട്രഷറി ഓണ്‍ലൈന്‍ സംവിധാന പ്രകാരം 500 കോടി ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നല്‍കും. ഇതിന്‍െറ 70 ശതമാനം വിതരണംചെയ്തുകഴിഞ്ഞാല്‍ അടുത്ത ഗഡു നല്‍കും. ജില്ലാ ബാങ്കുകള്‍ പഞ്ചായത്തിലെ അല്ളെങ്കില്‍ മുനിസിപ്പാലിറ്റിയിലെ തെരഞ്ഞെടുത്ത ഒരു പ്രാഥമിക സഹകരണ സംഘത്തിന് ഗഡുക്കളായി പണം കൈമാറും. ഓരോ പഞ്ചായത്തിലും ഓരോ ഇനം പെന്‍ഷനിലും എത്രരൂപ വീതം നല്‍കണമെന്ന പട്ടിക ഐ.കെ.എം ലഭ്യമാക്കിയിരിക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ തങ്ങളുടെ ബില്‍ കളക്ടര്‍മാര്‍ വഴിയോ തെരഞ്ഞെടുത്ത കുടുംബശ്രീ അഥവാ സ്വയംസഹായ സംഘങ്ങള്‍ വഴിയോ ഗുണഭോക്താക്കള്‍ക്ക് പണം വീടുകളിലത്തെിക്കും.
വിതരണം നടക്കുന്ന മുറക്ക് ഇക്കാര്യം ഓണ്‍ലൈന്‍ പെന്‍ഷന്‍ ലിസ്റ്റില്‍ രേഖപ്പെടുത്തുകയും തല്‍സമയം ഐ.കെ.എം വഴി സര്‍ക്കാറിന് ലഭ്യമാകുകയും ചെയ്യും. ഓരോ പ്രദേശത്തെയും പെന്‍ഷന്‍ വിതരണത്തിന്‍െറ പുരോഗതി ദിവസവും വിലയിരുത്താന്‍ സര്‍ക്കാറിന് കഴിയും. ഏത് ഏജന്‍സി വഴി പെന്‍ഷന്‍ ലഭിക്കണം എന്നത് സംബന്ധിച്ച കുടുംബശ്രീ സര്‍വേ പൂര്‍ത്തീകരിക്കുന്നതോടെ അടുത്തയാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കാന്‍ കഴിയും. അതിന് മുമ്പ് പുതിയ വിവര വിനിമയ-സഹകരണ ഏജന്‍സി വിതരണ സമ്പ്രദായം പൈലറ്റ് അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ ഏതാനും പഞ്ചായത്തുകളില്‍ പരീക്ഷിച്ച് അവസാനരൂപം നല്‍കും. ക്ഷേമപെന്‍ഷന്‍ വിതരണം സംബന്ധിച്ച് പോസ്റ്റല്‍ യൂനിയന്‍ പ്രതിനിധികളുമായും ചര്‍ച്ച നടന്നു. ഇന്നും ഗുണഭോക്താക്കളുടെ ഏറ്റവും സ്വീകാര്യമായ രീതി പോസ്റ്റല്‍ മണിയോര്‍ഡര്‍ ആണ്.
എന്നാല്‍ ജീവനക്കാരുടെ കുറവും പോസ്റ്റല്‍ ഓണ്‍ലൈന്‍ സംവിധാനത്തകരാറും കാരണം വലിയ കാലതാമസം വരുന്നെന്ന ആക്ഷേപം മൂലമാണ് അവരെ പെന്‍ഷന്‍ വിതരണത്തില്‍നിന്ന് ഓണക്കാലത്ത് ഒഴിച്ചുനിര്‍ത്തിയത്. എന്നാല്‍ ഒക്ടോബര്‍ മുതല്‍ മണിയോര്‍ഡര്‍ വഴിയും പെന്‍ഷന്‍ ലഭ്യമാക്കും.
ഒരാള്‍ക്ക് ആയിരം രൂപ പെന്‍ഷനേ അര്‍ഹതയുണ്ടാവൂ. അതേസമയം രണ്ട് പെന്‍ഷന്‍ വാങ്ങുന്നവരുടെ ആനുകൂല്യത്തില്‍ കുറവുവരില്ല എന്ന് ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച തീരുമാനം ഉത്തരവായി എത്രയും പെട്ടെന്ന് ഇറക്കുന്നതിന് ധനസെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞദിവസം ധന, തൊഴില്‍, സഹകരണമന്ത്രിമാരുടെ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച ധാരണയായിരുന്നു. ഇതിന് മന്ത്രിസഭ അംഗീകാരം നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.