ലിസി തിരിച്ചെത്തി; കരുണ ചൊരിയാന്‍
text_fieldsപേരാമ്പ്ര: ‘ജൂണില്‍ കുടക്കും പുസ്തകത്തിനും വേണ്ടി എന്നെയും കാത്തിരിക്കുന്ന കുട്ടികളുണ്ട് അവരെ കണ്ടില്ളെന്നു നടിക്കാന്‍ എനിക്ക് പറ്റുമോ? അതുകൊണ്ട് ഞാനിങ്ങ് പോന്നു’. ഇതു പറയുന്നത് ഏറെക്കാലമായി പേരാമ്പ്രക്കാര്‍ക്ക് സുപരിചിതയായ ലിസി (39) എന്ന ഡയാനയാണ്. ലിസിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി മാധ്യമങ്ങളിലൂടെ അറിഞ്ഞ ഒരാള്‍ അവരെ തെരുവില്‍നിന്ന് ദത്തെടുത്തിരുന്നു. അവരുടെ കൂടെപ്പോകാന്‍ തയാറായ ലിസിക്ക് അധികകാലം ആ വീട്ടില്‍ നില്‍ക്കാന്‍ മനസ്സുവന്നില്ല. കാരണം തന്‍െറ സഹായം പ്രതീക്ഷിച്ച് ഇവിടെ ഒരുപാട് പേരുണ്ട്. അവരെയെല്ലാം ഉപേക്ഷിച്ച് ലിസിക്ക് ഒരു വീട്ടില്‍ ഒതുങ്ങാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അവര്‍ വീണ്ടും തെരുവിലേക്കിറങ്ങി; പഴയ ചെരുപ്പുകുത്തിയായി തന്നെ.
25 വര്‍ഷം മുമ്പ് ജയ്പൂരില്‍നിന്ന് കൊയിലാണ്ടിയിലത്തെിയ ലിസി കുറച്ചുകാലം അവിടെയും പിന്നീട് ഒരു വര്‍ഷത്തോളം കുറ്റ്യാടിയിലും അവസാനം പേരാമ്പ്രയിലും എത്തി. ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന സമയത്ത് സ്വത്ത് തര്‍ക്കത്തിന്‍െറ പേരില്‍ അമ്മയെ വക വരുത്തിയ അമ്മാവന്മാര്‍ ലിസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. പിതാവും ലിസിയും ജീവനുംകൊണ്ട് കിട്ടിയ ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കൊയിലാണ്ടിയില്‍ അച്ഛനും ലിസിയും ചെറിയ ജോലികള്‍ ചെയ്ത് കഴിയവെ അച്ഛന്‍ മറ്റെവിടേക്കോ പോയി. തുടര്‍ന്ന് അവള്‍ക്ക് ടി.പി. കോയ എന്നൊരാള്‍ അഭയം നല്‍കുകയായിരുന്നു. പിന്നീട് കുറ്റ്യാടിയില്‍ സ്വീപ്പര്‍ പണിയെടുത്ത ലിസി, ചെരുപ്പ് തുന്നുന്നതും പ്ളാസ്റ്റിക് പൂവുണ്ടാക്കുന്നതും പഠിച്ചു.
20 വര്‍ഷത്തോളമായി പേരാമ്പ്രയിലുള്ള അവര്‍ കൈപ്രത്ത് അഞ്ച് സെന്‍റ് സ്ഥലം വാങ്ങി വീടുവെച്ചിരുന്നെങ്കിലും ആ വീടും സ്ഥലവും അവള്‍ ഒരു നിര്‍ധന കുടുംബത്തിന് സൗജന്യമായി നല്‍കി. വാടക വീട്ടിലേക്ക് മാറിയപ്പോള്‍ അതൊരു പ്രതികാരം കൂടിയായിരുന്നു. സ്വത്തിനുവേണ്ടി തന്‍െറ കുടുംബം തകര്‍ത്ത അമ്മാവന്മാരോടുള്ള സ്വന്തം മന$സ്സാക്ഷിയുടെ പ്രതികാരം. പേരാമ്പ്ര ദയപാലിയേറ്റീവ് ക്ളിനിക്കിലെ വളണ്ടിയറായ ലിസി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. രണ്ടാഴ്ച മുമ്പ് പേരാമ്പ്ര ടൗണിലത്തെിയ ഒരു അനാഥ വയോധികനെ താടിയും മുടിയും വടിച്ച് കുളിപ്പിച്ച് എടച്ചേരിയിലെ അനാഥ മന്ദിരത്തിലാക്കിയത് ലിസിയുടെ നേതൃത്വത്തിലായിരുന്നു. പേരാമ്പ്ര സാംബവ കോളനിയിലെ കുട്ടികള്‍ പഠിക്കുന്ന പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്കൂളിലാണ് ഇവര്‍ എല്ലാവര്‍ഷവും പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. ചെരുപ്പ് തുന്നി കിട്ടുന്ന തുച്ഛമായ തുകയില്‍നിന്ന് മാറ്റിവെച്ചാണ് ഇവര്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്നത്.
ലിസ്സിയുടെ ജീവിതത്തെക്കുറിച്ച് ദാസന്‍.കെ. പെരുമണ്ണ ഒരു ഡോക്യുമെന്‍ററി തയാറാക്കുന്നുണ്ട്. ദേശീയ ബാലതാരം അവാര്‍ഡ് നേടിയ അന്ന ഫാത്തിമ, മുഹമ്മദ് പേരാമ്പ്ര, കനകദാസ് പേരാമ്പ്ര എന്നിവര്‍ അഭിനയിക്കും. പ്രശോഭ് ഈഗിള്‍ ആണ് കാമറ. ആഗസ്റ്റ് 15ന് ചിത്രീകരണം ആരംഭിക്കുമെന്ന് ദാസന്‍. കെ.പെരുമണ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.