സൗദി യാത്ര: മന്ത്രി ജലീലിന് കേന്ദ്രം അനുമതി നിഷേധിച്ചു
text_fieldsതിരുവനന്തപുരം: സൗദി അറേബ്യയിലെ തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അവിടേക്ക് അയക്കാനിരുന്ന മന്ത്രി കെ.ടി. ജലീലിന് വിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചു. പാസ്പോര്‍ട്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ വെള്ളിയാഴ്ച സൗദിക്ക് തിരിക്കാനിരിക്കുകയായിരുന്നു മന്ത്രി. സൗദിയിലേക്ക് മന്ത്രി ജലീലിനെയും തദ്ദേശ സ്വയംഭരണ അഡീഷനല്‍ സെക്രട്ടറി വി.കെ. ബേബിയെയും അയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങിയ ഉടന്‍ നയതന്ത്ര പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവും മന്ത്രിയുടെ യാത്രാപരിപാടികളും സഹിതം വ്യാഴാഴ്ച രാവിലെയാണ് വിദേശകാര്യ മന്ത്രാലയത്തില്‍ അനുമതിക്ക് അപേക്ഷിച്ചത്. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സതീഷ്ചന്ദ്ര ഗുപ്തയുമായി മന്ത്രി ജലീല്‍ സംസാരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ എംബസിയിലേക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും അവിടെനിന്ന് അറിയിപ്പ് കിട്ടുന്നതനുസരിച്ച് ലഭ്യമാക്കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് അപേക്ഷ നിരസിച്ച അറിയിപ്പ് ലഭിച്ചത്. അതേസമയം, വ്യാഴാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നയതന്ത്ര പാസ്പോര്‍ട്ട് ലഭിക്കാത്ത വിവരം മന്ത്രി അറിയിച്ചില്ല. പാസ്പോര്‍ട്ട് ലഭിക്കാത്ത വിവരം അറിഞ്ഞിട്ടില്ളെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പറഞ്ഞു. 48 മണിക്കൂര്‍ കഴിഞ്ഞേ തീരുമാനം അറിയിക്കൂവെന്നാണ് ബുധനാഴ്ച കേന്ദ്രത്തില്‍നിന്ന് അറിയിച്ചതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനും മലയാളികളുടെ പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കാനും ലക്ഷ്യമിട്ടായിരുന്നു ജലീലിന്‍െറ യാത്ര. തിരികെ വരുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി ജലീല്‍ നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, ജലീലിന് യാത്രാനുമതി നിഷേധിച്ച കേന്ദ്രനടപടി പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയേക്കും. വിദേശമലയാളികളെ മടക്കിക്കൊണ്ടു വരുന്നത് വഴി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് കരുതി കേന്ദ്രം അനുമതി നിഷേധിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
