അതിസങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
text_fieldsമഞ്ചേരി: അവയവദാനമടക്കം അതിസങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്ക് സ്വകാര്യ ചികിത്സാരംഗത്തുള്ള കച്ചവടമനോഭാവത്തിന് അറുതി വരുത്താന്‍ ഇവക്ക് നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരടക്കമുള്ള ഏഴു പേരുടെ സമിതിക്ക് രൂപം നല്‍കി. കരള്‍ മാറ്റിവെക്കല്‍, മസ്തിഷ്കാഘാതമേറ്റയാളുടെ അവയവങ്ങള്‍ എടുക്കല്‍, ഇവ മറ്റൊരാളില്‍ പിടിപ്പിക്കല്‍, ഹൃദയത്തില്‍ കൃത്രിമ വാല്‍വ് ഘടിപ്പിക്കല്‍, ആന്‍ജിയോപ്ളാസ്റ്റി, ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) എന്നീ ശസ്ത്രക്രിയകള്‍ക്കുള്ള നിരക്കാണ് സമിതി നിശ്ചയിക്കുക.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. ഡി. നാരായണന്‍, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് തോമസ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗം പ്രഫസര്‍ ഡോ. ജോര്‍ജ് കോശി, കോട്ടയം ഗവ. മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ സര്‍ജറി വിഭാഗം തലവന്‍ ഡോ. ടി.കെ. ജയകുമാര്‍, കാസര്‍കോട് ഗവ. കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി പ്രഫ. ഹരികുറുപ്പ്, സ്റ്റേറ്റ് ഹെല്‍ത് സിസ്റ്റംസ് റിസോഴ്സ് സെന്‍റര്‍ മുന്‍ കണ്‍സല്‍ട്ടന്‍റ് അരുണ്‍ ബി. നായര്‍ എന്നിവരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. മെഡിക്കല്‍ സയന്‍സ് വിപുലപ്പെട്ടതിന് ശേഷം അത്യപൂര്‍വമായി നടന്നിരുന്ന പല ശസ്ത്രക്രിയകളും അവയവമാറ്റ ശസ്ത്രക്രിയകളും അവയവങ്ങള്‍ വെച്ചുപിടിപ്പിക്കലും വര്‍ധിച്ചിട്ടുണ്ട്.
എന്നാല്‍, ഇത്തരം ചികിത്സക്ക് ഈടാക്കാവുന്ന ചെലവ് സംബന്ധിച്ച് ഇതുവരെ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് മാര്‍ഗനിര്‍ദേശം ഉണ്ടായിട്ടില്ല. അക്കാര്യങ്ങളില്‍ കൃത്യവും സൂക്ഷ്മവുമായ നിര്‍ദേശങ്ങള്‍ നല്‍കാനും ഈ രംഗത്ത് ഏതെങ്കിലും വിധത്തിലുള്ള ചൂഷണങ്ങള്‍ക്കോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ സാധ്യതയുണ്ടെങ്കില്‍ അക്കാര്യം കൂടി സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാനുമാണ് സമിതിയെ ചുമതലപ്പെടുത്തിയത്. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സങ്കീര്‍ണ ശസ്ത്രക്രിയകളില്‍ ഓരോന്നിനും ഈടാക്കാവുന്ന പരമാവധി ചെലവ് ഇതില്‍ ചൂണ്ടിക്കാണിക്കണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉത്തരവില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
