എന്‍.സി.സി പരീക്ഷാമൂല്യനിര്‍ണയം: ഉപരിപഠനത്തിന് പ്രയോജനപ്പെട്ടില്ല
text_fieldsപാലക്കാട്: യോഗ്യത ഇല്ലാത്തവര്‍ മൂല്യനിര്‍ണയം നടത്തിയ എന്‍.സി.സിയുടെ ‘സി’ സര്‍ട്ടിഫിക്കറ്റ് പരീക്ഷയുടെ ഫലം വ്യവസ്ഥ ചെയ്തതില്‍നിന്ന് മൂന്നര മാസം വൈകിയതിനെ തുടര്‍ന്ന് വിജയിച്ചവരില്‍ പലര്‍ക്കും ഉപരിപഠനത്തിന് പ്രയോജനം ലഭിച്ചില്ല.
പല സര്‍വകലാശാലകളിലേയും ഓണ്‍ലൈന്‍ പി.ജി അപേക്ഷാ തീയതി കഴിഞ്ഞതാണ് കാരണം. ഐക്യവും അച്ചടക്കവും പ്രധാന ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന എന്‍.സി.സിയുടെ പ്രധാന പരീക്ഷകളിലൊന്നിന് ഉണ്ടായ ദുരവസ്ഥ കാഡറ്റുകളിലും ഇന്‍സ്ട്രക്ടര്‍മാരിലും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ടെന്നാണ് സൂചന.
സി സര്‍ട്ടിഫിക്കറ്റ് പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് 2014 ഡിസംബര്‍ 23ന് പ്രാബല്യത്തില്‍ വന്ന പരിഷ്കരിച്ച ചട്ടപ്രകാരം 45 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥ. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന് കീഴിലുള്ള പാലക്കാട്, ഒറ്റപ്പാലം ബറ്റാലിയനുകളില്‍ ഏറ്റവുമൊടുവില്‍ ഈ പരീക്ഷ നടന്നത് 2015 ജൂലൈ 27, 28 തീയതികളിലായിരുന്നു. ഏപ്രില്‍ 14ന് മുമ്പ് പ്രസിദ്ധീകരിക്കേണ്ട ഫലം ജൂലൈ 23നാണ് പുറത്തുവന്നത്. പാസാകുന്നവര്‍ക്ക് പി.ജി പ്രവേശത്തിന് ആകെ മാര്‍ക്കിന്‍െറ നാല് ശതമാനം അധികം ലഭിക്കും. എന്നാല്‍, ഗ്രേഡ് ഗ്രേസ് മാര്‍ക്ക് പി.ജി അപേക്ഷയില്‍ ചേര്‍ക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല.
തമിഴ്നാട്ടിലെ ഭാരതീയാര്‍ ഉള്‍പ്പെടെ പല സര്‍വകലാശാലകളിലും പി.ജി അപേക്ഷാ തീയതി ജൂലൈയില്‍ അവസാനിച്ചിരുന്നു. എന്‍.സി.സി ഓഫിസറില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ഗ്രേഡ് മാര്‍ക്ക് ആനുകൂല്യം മാര്‍ക്ലിസ്റ്റില്‍ ചേര്‍ത്തതിന് ശേഷമേ അപേക്ഷ നല്‍കാന്‍ കഴിയൂ.
അതിനിടെ, ആര്‍മി ഓഫിസര്‍മാര്‍ മൂല്യനിര്‍ണയം നടത്തണമെന്ന് ചട്ടമുള്ള പരീക്ഷക്ക് തങ്ങളെ നിയോഗിച്ചത് നിര്‍ബന്ധപൂര്‍വമായിരുന്നുവെന്ന് മൂല്യനിര്‍ണയം നടത്തിയ അസോസിയറ്റ് എന്‍.സി.സി ഓഫിസര്‍മാര്‍ പറയുന്നു. നിയമം ഒരു കാരണവശാലും അനുവദിക്കില്ളെന്ന് അറിഞ്ഞുകൊണ്ടുതന്നെ മൂല്യനിര്‍ണയത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. പാലക്കാട് ജില്ലയിലെ ആറ് കോളജുകളിലേയും മലപ്പുറത്തെ ഒരു കോളജിലേയും അസോസിയറ്റ് എന്‍.സി.സി ഓഫിസര്‍മാരാണ് യോഗ്യത ഇല്ളെന്ന് അറിഞ്ഞുകൊണ്ടുതന്നെ മൂല്യനിര്‍ണയത്തിന് നിര്‍ബന്ധിതരായത്. കൃത്യസമയത്ത് ഉത്തരക്കടലാസ് തിരിച്ചേല്‍പ്പിച്ചിട്ടും ഫലം വൈകിയത് എന്‍.സി.സിയുടെ അനാസ്ഥയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.