എന്‍.സി.സി അധികൃതര്‍ യോഗ്യതയില്ലാത്തവരെകൊണ്ട് പരീക്ഷാ മൂല്യനിര്‍ണയം നടത്തി
text_fieldsപാലക്കാട്: എന്‍.സി.സിയുടെ വളരെ പ്രധാനപ്പെട്ട സി സര്‍ട്ടിഫിക്കറ്റ് തിയറി പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം നടത്തിയത് ചട്ടം അനുശാസിക്കുന്ന യോഗ്യതയില്ലാത്തവര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാനത്തെ 27, 28 നമ്പര്‍ ബറ്റാലിയനുകളില്‍ നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണയമാണ് നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതയില്ലാത്തവരെകൊണ്ട് അധികൃതര്‍ നടത്തിച്ചത്. പരീക്ഷാഫലം കഴിഞ്ഞദിവസം പുറത്തുവന്നു.
സി സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായവര്‍ക്ക് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട പല തസ്തികകളിലും മുന്‍ഗണന ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ 32 സീറ്റുകള്‍ ഇവര്‍ക്കുവേണ്ടി മാത്രം സംവരണം ചെയ്തിട്ടുണ്ട്. ഡിഗ്രി പരീക്ഷയുടെ മൊത്തം മാര്‍ക്കില്‍ നാല് ശതമാനം സി സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് പ്രത്യേകം ലഭിക്കും. ബി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ഒരു എന്‍.സി.സി ക്യാമ്പ് പൂര്‍ത്തിയാക്കുകയും 75 ശതമാനം ഹാജര്‍നില ഉണ്ടായിരിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ സി സര്‍ട്ടിഫിക്കറ്റ് പരീക്ഷ എഴുതാനാവൂ. ഇത്തരത്തില്‍ പ്രാധാന്യമേറിയ പരീക്ഷയെയാണ് അധികൃതര്‍ തികഞ്ഞ ലാഘവത്തില്‍ കൈകാര്യം ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 27, 28 തീയതികളില്‍ പാലക്കാട് ഗവ. പോളിടെക്നിക്കിലാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ പൂര്‍ണ ചുമതല പാലക്കാട് ബറ്റാലിയനായിരുന്നു. പാലക്കാട് ബറ്റാലിയനില്‍നിന്ന് മാത്രം 173 പേര്‍ പരീക്ഷയെഴുതി. 28ാം ബറ്റാലിയനായി അറിയപ്പെടുന്ന ഒറ്റപ്പാലത്തും ഏതാണ്ട് അത്രയും പേര്‍ ഈ പരീക്ഷ എഴുതിയതായാണ് കണക്ക്. ജോലി ചെയ്യുന്ന ആര്‍മി ഓഫിസര്‍മാരാണ് ചട്ടപ്രകാരം പരീക്ഷാ കടലാസ് മൂല്യനിര്‍ണയം നടത്തേണ്ടത്. ഹോള്‍ ടൈം ലേഡി ഓഫിസര്‍മാര്‍ക്കും (ഡബ്ള്യു.ടി.എല്‍.ഒ) പരീക്ഷ മൂല്യനിര്‍ണയത്തിന് അധികാരമുണ്ട്. അതേസമയം, കോളജുകളിലെ അസോ. എന്‍.സി.സി ഓഫിസര്‍മാരോ പെര്‍മനന്‍റ് ഇന്‍സ്ട്രക്ടര്‍മാരോ സി സര്‍ട്ടിഫിക്കറ്റ് പരീക്ഷയുടെ മൂല്യനിര്‍ണയം നടത്താന്‍ പാടില്ല.
പരീക്ഷാ മൂല്യനിര്‍ണയം സംബന്ധിച്ച് ഈ വ്യവസ്ഥകള്‍ 1996 മേയ് മൂന്നിന് പ്രാബല്യത്തില്‍ വന്ന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുഴുവന്‍ ലംഘിച്ച് കോളജുകളിലെ അസോ. എന്‍.സി.സി ഓഫിസര്‍മാരാണ് ഏറ്റവും ഒടുവില്‍ നടത്തിയ സി സര്‍ട്ടിഫിക്കറ്റ് തിയറി പരീക്ഷാ മൂല്യനിര്‍ണയം നടത്തിയത്.പരീക്ഷ മൂല്യനിര്‍ണയം നടത്തിയവരില്‍ ഒരാളായ ആലത്തൂര്‍ എസ്.എന്‍ കോളജിലെ അസോ. എന്‍.സി.സി ഓഫിസര്‍ ഡോ. വി. വില്‍സാനന്ദ് വിവരാവകാശ നിയമപ്രകാരം ബറ്റാലിയനിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് നല്‍കിയ അപേക്ഷക്ക് വ്യക്തമായ മറുപടി ലഭിച്ചില്ല. ഉത്തരവ് ലംഘിക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രം മൂല്യനിര്‍ണയത്തിന് നിര്‍ബന്ധിതനായെങ്കിലും എന്‍.സി.സിയില്‍ ഒരു ക്രമക്കേടും നടക്കരുതെന്ന് ശാഠ്യമുള്ളതിനാലാണ് താന്‍തന്നെ വിവരാവകാശ കമീഷണറെ സമീപിച്ചതെന്ന് വില്‍സാനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
