Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി മീറ്റര്‍:...

വൈദ്യുതി മീറ്റര്‍: ജനവിരുദ്ധനയം മാറ്റാതെ ഇടതുസര്‍ക്കാര്‍

text_fields
bookmark_border
വൈദ്യുതി മീറ്റര്‍: ജനവിരുദ്ധനയം മാറ്റാതെ ഇടതുസര്‍ക്കാര്‍
cancel
തൃശൂര്‍:  ഉപഭോക്താക്കള്‍ തന്നെ മീറ്റര്‍ വാങ്ങണമെന്ന കെ.എസ്.ഇ.ബിയുടെ ഉത്തരവ് മാറ്റണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാറിനും തോന്നുന്നില്ല. ബോര്‍ഡിനും ജനത്തിനും  നഷ്ടമുണ്ടാക്കുന്ന ഉത്തരവ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്താണ് ഇറക്കിയത്. അധികാരത്തിലേറി മൂന്നുമാസം കഴിഞ്ഞിട്ടും ബോര്‍ഡ് സ്വകാര്യവത്കരണത്തിന്‍െറ ഭാഗമായ ഈ തീരുമാനം തിരുത്താന്‍ ഇടതുസര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല.
നേരത്തേ കെ.എസ്.ഇ.ബിയുടെ സെക്ഷന്‍ ഓഫിസുകളില്‍നിന്നുമാണ് മീറ്ററുകള്‍ ലഭിച്ചിരുന്നത്. ഇപ്പോള്‍  സര്‍ക്കിള്‍ ഓഫിസുകളില്‍നിന്ന് മീറ്ററുകള്‍ വാങ്ങണം. ഒരു ജില്ലയില്‍ രണ്ട് സര്‍ക്കിള്‍ ഓഫിസുകളാണുള്ളത്. കിലോമീറ്ററുകള്‍ താണ്ടി ജനം അവിടെ പോയി മീറ്ററുകള്‍ വാങ്ങിയശേഷം സെക്ഷന്‍ ഓഫിസില്‍ പ്രവര്‍ത്തനക്ഷമത പരിശോധിക്കണം. പരിശോധനക്കുശേഷം മാത്രമേ ജീവനക്കാര്‍ മീറ്റര്‍ ഘടിപ്പിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പുതിയ കണക്ഷന്‍ കിട്ടാനും കത്തിനശിച്ചതും കേടായതുമായ മീറ്ററുകള്‍ മാറ്റാനാകാതെയും ജനം ബുദ്ധിമുട്ടുകയാണ്. അതോടൊപ്പം നിര്‍മാണപ്രവര്‍ത്തനത്തിനും പുതിയ കെട്ടിടങ്ങള്‍ക്കും കണക്ഷന്‍ ലഭിക്കാന്‍ വലിയ കാലതാമസമാണ് ഉണ്ടാകുന്നത്.

കെ.എസ്.ഇ.ബിക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ചാണ് മീറ്റര്‍ വിതരണം മൂന്നുമേഖലകളിലായി യു.ഡി.എഫ് സര്‍ക്കാര്‍ വിവിധ കമ്പനികള്‍ക്ക് പകുത്തുനല്‍കിയത്. ഉത്തരമേഖലക്ക് ബംഗളൂരുവിലെ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോക്കും മധ്യമേഖലയില്‍ ജീനസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ജയ്പൂര്‍), ദക്ഷിണമേഖലയില്‍ ലിങ്ക്വെല്‍ ടെലി സിസ്റ്റം (ഹൈദരാബാദ്) എന്നീ കമ്പനികള്‍ക്കുമാണ് കരാര്‍ നല്‍കിയത്. നിലവില്‍ കരാര്‍ നല്‍കിയ കമ്പനികളുടെ മീറ്ററുകളല്ല വിതരണം ചെയ്യുന്നത്. ഹരിദ്വാറില്‍നിന്നുള്ള ജനുസ് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍െറ ജനുസ് മീറ്ററുകളാണ് വിതരണം ചെയ്യുന്നത്. മീറ്റര്‍ വിതരണത്തിന് 100 ചതുരശ്ര അടിക്ക് 1000 രൂപ വാടകക്ക് കമ്പനികള്‍ സര്‍ക്കിള്‍ ഓഫിസില്‍ സ്ഥലവും നല്‍കി. 845 രൂപക്കാണ് സ്വകാര്യ കമ്പനികള്‍ മീറ്റര്‍ വില്‍ക്കുന്നത്. നേരത്തേ മീറ്ററിന് മൂന്‍കൂട്ടി പണം നല്‍കേണ്ടിയിരുന്നില്ല. ഉപഭോക്താക്കളില്‍നിന്ന് മീറ്റര്‍ വാടക വൈദ്യുതി ചാര്‍ജിനൊപ്പം ഈടാക്കുകയായിരുന്നു പതിവ്. ഇവയില്‍ത്തന്നെ പ്രവര്‍ത്തിക്കാതെ 14 ലക്ഷത്തിലധികം വൈദ്യുതി മീറ്ററുകളുണ്ടെന്നാണ് ജൂണില്‍ വൈദ്യുതി വകുപ്പ് വിജിലന്‍സ് നല്‍കിയ വിവരം. സെക്ഷന്‍ ഓഫിസുകള്‍ മുഖേനയുള്ള മീറ്റര്‍ വിതരണം നിലച്ചതോടെ ജീവനക്കാര്‍ക്ക് കൃത്യമായി പണിയില്ലാത്ത സാഹചര്യമാണുള്ളത്. നേരത്തേ മീറ്റര്‍ കത്തിപ്പോകുകയോ കേടാകുകയോ ചെയ്താല്‍ സെക്ഷന്‍ ഓഫിസുകളില്‍ ചെന്നാല്‍ ഉടന്‍ പരിഹാരം ഉണ്ടായിരുന്നു. എന്നാല്‍, സര്‍ക്കിള്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് മീറ്റര്‍ വില്‍പന തുടങ്ങിയതിനാല്‍ അവധി ദിവസങ്ങളില്‍ മീറ്റര്‍ കിട്ടാത്ത സാഹചര്യവുമുണ്ട്. അതുകൊണ്ടുതന്നെ മീറ്റര്‍ കേടുവന്നാല്‍ മാറ്റിവെക്കാന്‍ ഉപഭോക്താക്കള്‍ തയാറാകുന്നില്ല. അതിനാല്‍ ഉപയോഗിക്കുന്ന വൈദ്യുതി കൃത്യമായി അളക്കാനാകില്ല. നേരത്തേയുള്ള ബില്ലുകള്‍ പരിശോധിച്ച് ശരാശരി തുക ഈടാക്കുകയാണ് ചെയ്യുന്നത്. ഇത് മനസ്സിലാക്കി വന്‍ തോതില്‍ വൈദ്യുതി ഉപയോഗിച്ച് ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നവര്‍ ഏറുകയാണ്.

 കെ.എസ്.ഇ.ബി സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്ന നടപടികള്‍ മുന്‍ ഇടതുസര്‍ക്കാറാണ് തുടങ്ങിവെച്ചത്. അതുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയം തിരുത്താന്‍ ഇടതുസര്‍ക്കാര്‍ ഇതുവരെ തയാറാകാത്തതത്രേ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
Next Story