പൊതുമരാമത്ത് എന്‍ജിനീയര്‍മാരുടെ കഴുത്തറുപ്പന്‍ പിരിവ് തുടരുന്നു
text_fieldsതിരുവനന്തപുരം: പൊതുമരാമത്തുവകുപ്പില്‍ അഴിമതി അവസാനിപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ ആവര്‍ത്തിക്കുമ്പോഴും എന്‍ജിനീയര്‍മാരുടെ കഴുത്തറുപ്പന്‍ പിരിവ് തുടരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കരാറുകാരുമായി ഒത്തുകളിച്ച് നേടിയിരുന്ന കൊള്ളലാഭത്തില്‍ വന്‍ഇടിവ് വന്നതോടെ പിരിവിന് മറ്റുവഴികള്‍ തേടുകയാണ് എന്‍ജിനീയര്‍മാര്‍. കരാറുകാരില്‍ നിന്ന് ലഭിച്ച വരുമാനം കുറഞ്ഞതിന്‍െറ ‘ക്ഷീണം’ കൂടി നികത്തുന്നതരത്തില്‍ കഴുത്തറുപ്പന്‍ പിരിവാണ് ഇപ്പോള്‍ നടക്കുന്നത്. റോഡുകളും പാലങ്ങളും വിഭാഗത്തിലെ എന്‍ജിനീയര്‍മാരാണ് പിരിവിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഡിവിഷനല്‍, സബ് ഡിവിഷനല്‍ ഓഫിസുകളിലത്തെുന്നവരോട് കണക്കുപറഞ്ഞാണത്രെ പണം പിരിക്കുന്നത്.
പൈപ്പ് ലൈന്‍, ഇലക്ട്രിക് ലൈന്‍ ഇടല്‍ ജോലികള്‍ക്ക് അനുമതി തേടിയത്തെുന്നവരാണ് പ്രധാന ഇരകള്‍. 10മീറ്റര്‍ നീളത്തില്‍ റോഡ് കുഴിക്കണമെങ്കില്‍ സബ്ഡിവിഷന്‍െറ ചുമതലയുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്ക് 10,000 രൂപയാണ് കൈമടക്ക് നല്‍കേണ്ടത്. സെക്ഷന്‍ ഓഫിസിലെ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്ക് 3,500 രൂപ നല്‍കണം. ഓവര്‍സിയര്‍മാര്‍ക്ക് 2,000 വീതം പ്രത്യേക പടി എത്തിക്കണം. സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫിസുകളിലെ ഓരോ ഉദ്യോഗസ്ഥനും 250 രൂപയാണ് പടി നല്‍കേണ്ടത്. ഇത്രയും നല്‍കിയാല്‍ ഫയല്‍ നീങ്ങിത്തുടങ്ങും. ഇല്ലാത്തപക്ഷം സാങ്കേതികത്വങ്ങള്‍ പറഞ്ഞ് ആവശ്യക്കാരനെ ഓഫിസ് കയറ്റിയിറക്കും. കാര്യം സാധിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ‘കൂലി’ നല്‍കേണ്ട ദുരവസ്ഥയിലാണ് ജനങ്ങള്‍.
അപേക്ഷയുമായി ചെല്ലുന്നത് ഏതെങ്കിലും സ്ഥാപനത്തിന്‍െറ പ്രതിനിധികളാണെങ്കില്‍ അവര്‍ക്ക് പ്രത്യേക താരിഫ് നല്‍കുന്ന ഏമാന്മാരുമുണ്ട്. സ്ഥാപനപ്രതിനിധികളെ കൈകാര്യം ചെയ്യാന്‍ ചില ഓഫിസുകളില്‍ പ്രത്യേക ഏജന്‍റുമാര്‍ പോലുമുണ്ട്. പൊതുമരാമത്ത് വകുപ്പിലെ ചില എന്‍ജിനീയര്‍മാര്‍ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.