Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചുണ്ടില്‍ ചിരിതെളിയാതെ ...

ചുണ്ടില്‍ ചിരിതെളിയാതെ വരയിലൂടെ മലയാളിയെ ചിരിപ്പിച്ച ടോംസ്

text_fields
bookmark_border
ചുണ്ടില്‍ ചിരിതെളിയാതെ വരയിലൂടെ മലയാളിയെ ചിരിപ്പിച്ച ടോംസ്
cancel

കോട്ടയം: ടോംസിന്‍െറ ബോബനും മോളിയും വായിച്ച് മലയാളികളാകെ ചിരിക്കുമ്പോഴും അതിന്‍െറ സൃഷ്ടാവിന്‍െറ ചുണ്ടില്‍ തിരിതെളിയുന്നത് അപൂര്‍വമാണ്. തമാശ കേള്‍ക്കുമ്പോള്‍ ചെറുതായൊന്ന് ചിരിച്ചാലായി. കഥാസന്ദര്‍ഭങ്ങള്‍ കണ്ടത്തെുന്നതിലും ടോംസ് തന്‍േറതായ വഴിയാണ് സ്വീകരിച്ചത്. ഓഫിസില്‍നിന്ന് ഒഴിവുകിട്ടുമ്പോള്‍ ടോംസ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍െറ പ്ളാറ്റ് ഫോമില്‍ പോയിരിക്കും. ട്രെയിനില്‍ വന്നിറങ്ങുന്നവരും മലബാറിലേക്കും മറ്റും കയറിപ്പോകാന്‍ ഇരിക്കുന്നവരും അവരുടെ തനി നാടന്‍ സംഭാഷണങ്ങളും മനസ്സുകൊണ്ട് ഒപ്പിയെടുക്കും-ടോംസ് ഇങ്ങനെയാണ് തന്‍െറ സര്‍ഗവിദ്യയുടെ രഹസ്യം ഒരിക്കല്‍ വെളിപ്പെടുത്തിയത്. ഒരിക്കല്‍ ഒറിജിനല്‍ ബോബനെയും മോളിയെയും ഡല്‍ഹിയില്‍വെച്ച് കണ്ടുമുട്ടി കെട്ടിപ്പിടിച്ച കഥ ടോംസ് തന്നെ പറയും. ബോബന്‍ ഗള്‍ഫില്‍ ജോലികിട്ടി പോയതാണ്. മോളിയാകട്ടെ അഗസ്റ്റിനെ വിവാഹം ചെയ്ത് വീട്ടമ്മയായി കഴിയുന്നു.
ബോബനും മോളിയും സിനിമയാക്കിയപ്പോള്‍ കഥാപാത്രങ്ങളെത്തേടി അധികം അലയേണ്ടിവന്നില്ല. സ്വന്തം പട്ടിക്കുട്ടിയുമായി ബോബന്മാരും മോളിമാരും ചാന്‍സുചോദിച്ച് വന്നു. മണ്ടശിരോമണിയായ പഞ്ചായത്ത് പ്രസിഡന്‍റ് ഇട്ടുണ്ണാനാവാനും പെണ്‍കുട്ടികളുടെ പിറകെ നടക്കുന്ന അപ്പി ഹിപ്പിയാവാനും ആളുകള്‍ വന്നു. ഫലിത സാമ്രാട്ട് ആണെങ്കിലും ടോംസ് ചിരിച്ചുകാണുന്നത് അപൂര്‍വമാണ്. ടോംസിന്‍െറ രചനയില്‍ അമര്‍ഷം പൂണ്ട ഒരു രാഷ്ട്രീയ നേതാവ് ഒരിക്കല്‍ മനോരമയില്‍വന്ന് പത്രാധിപരോട് പരാതി പറഞ്ഞു: ഇതെന്താ എന്നെ മാത്രമേ ഇയാള്‍ക്ക് വരക്കാന്‍ കിട്ടുന്നുള്ളോ. ‘വാടയ്ക്കല്‍ കുഞ്ഞോമാച്ചന്‍’ എന്ന ടോംസിന്‍െറ അപ്പന്‍ വലിയ കൃഷിക്കാരനും പരോപകാരിയുമായിരുന്നു.  വെള്ളപ്പൊക്ക കാലത്ത് (അന്ന് ടോംസിന് ഒന്നര വയസ്സ്) അത്തിക്കളം തറവാട് നൂറുകണക്കിന് കുട്ടനാടന്‍ പണിയാളുകളുടെ അഭയകേന്ദ്രമായിരുന്നു. അന്ന് അവരെ ഒരാഴ്ച തീറ്റിപ്പോറ്റാന്‍ 5000 രൂപ ചെലവായെന്ന് പറഞ്ഞുകേട്ടു. എല്ലാ മഴക്കാലത്തും കുഞ്ഞോമാച്ചനോടൊപ്പം വള്ളത്തില്‍ ചങ്ങനാശേരിയില്‍ പോയി അരിയും പയറും വാങ്ങി വന്ന് വിതരണം ചെയ്യുക പതിവായിരുന്നു. അപ്പന്‍ പള്ളീലച്ചനെ പറ്റിച്ച കഥ പറയുമ്പോഴും ടാംസ് ചിരിക്കില്ല. അപ്പന്‍ ദാനംചെയ്ത 50 സെന്‍റ് സ്ഥലത്താണ് വെളിയനാട്ടെ ആദ്യത്തെ പള്ളി ഓലമേഞ്ഞ് പടുത്തുയര്‍ത്തിയത്. ഒരുദിവസം ഇടവകക്കാര്‍ കൂടുതല്‍ സ്ഥലം കൈയേറിയെന്ന് അപ്പന് ഒരു സംശയം. പരാതിയായി, വഴക്കും വക്കാണവുമായി. വികാരിയച്ചന്‍ പറഞ്ഞതനുസരിച്ച് മെത്രാനച്ചന്‍ അപ്പനെ അരമനയിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ പറഞ്ഞൊതുക്കി. പക്ഷേ, പള്ളിയോടും പട്ടക്കാരനോടും ഇടവക നേതാക്കന്മാരോടുമുള്ള അപ്പന്‍െറ വൈരാഗ്യം കൂടിയതേയുള്ളൂ. അങ്ങനെയിരിക്കെ വികാരിയച്ചന് അമേരിക്കയില്‍ പോകാന്‍ ഒരവസരം ലഭിച്ചു. അനേകം കാറുകളുടെ അകമ്പടിയോടെ അച്ചനെ കൊച്ചിയിലത്തെിച്ച് വിമാനം കയറ്റി മദ്രാസിലേക്കയച്ചു. അവിടെച്ചെന്ന് പാസ്പോര്‍ട്ടില്‍ അമേരിക്കന്‍ വിസ കുത്തിച്ച് അടുത്ത ദിവസം ന്യൂയോര്‍ക്കിലേക്ക് പറക്കാനായിരുന്നു പദ്ധതി. പക്ഷേ, അച്ചന്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പോയതുപോലെ തിരിച്ചുവന്നു. ആയിടെ അപ്പന്‍ പലതവണ വള്ളവും ബോട്ടുമൊക്കെ കയറി എറണാകുളത്തിന് പോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അച്ചന് വിസ കൊടുക്കാതിരിക്കാന്‍ ഏതോ ‘കുബുദ്ധികള്‍’ അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക് കമ്പിയടിച്ചതായി പുറത്തുവന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായ അച്ചന് വിസ കൊടുത്താല്‍ അമേരിക്ക ആപ്പിലാകുമെന്നായിരുന്നു ആ കമ്പി. അങ്ങനെയാണ് ഞാന്‍ ക്രിസ്ത്യാനി അല്ലാതായതെന്ന് ടോംസ് പറയുന്നു.

 

 

Show Full Article
TAGS:Toms (cartoonist) 
Next Story