കോട്ടയം: അയല്‍പക്കത്തെ കുട്ടികള്‍ എന്നും ടോംസിന്‍െറ വേലിചാടി അടുക്കള വഴി സ്കൂളില്‍ പോകാറുണ്ടായിരുന്നു. ബോബനും മോളിയും എന്ന ആ സഹോദരങ്ങളുടെ വികൃതികളാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതില്‍ ടോംസിനെ സഹായിച്ചത്. പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിക്കും പുറമെ കേസില്ലാ വക്കീലായ അച്ഛന്‍ പോത്തന്‍, അമ്മ മറിയ, മറ്റു കഥാപാത്രങ്ങളായ അപ്പി ഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഇട്ടുണ്ണന്‍, ചേടത്തി (പഞ്ചായത്ത് പ്രസിഡന്‍റ് ചേട്ടന്‍െറ ഭാര്യ), നേതാവ്, തുടങ്ങിയവര്‍ വിശ്വപ്രസിദ്ധരായി. സത്യദീപം മാസികയിലൂടെ 1950ലാണ് ബോബനെയും മോളിയേയും പരിചയപ്പെടുത്തുന്നത്. പിന്നീട് മനോരമ ആഴ്ചപ്പതിപ്പിലൂടെ 1957ല്‍ ഈ കഥാപാത്രങ്ങള്‍ പ്രശസ്തരായി. മനോരമ വാരികയില്‍ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. കിഴുക്കാംതൂക്ക് എന്ന സാങ്കല്‍പിക പഞ്ചായത്തിലാണ് ബോബന്‍െറയും മോളിയുടെയും കഥ അരങ്ങേറുന്നത്. കേരളത്തിലെ മധ്യവര്‍ഗ ജീവിതത്തിന്‍െറ തമാശകള്‍, ആനുകാലിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങള്‍ എന്നിവയാണ് ഈ കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ ടോംസ് വരച്ചുകാട്ടിയത്. ബോബനും മോളിയും പ്രസിദ്ധീകരണം തുടങ്ങി അരനൂറ്റാണ്ടിലേറെയായെങ്കിലും കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും പ്രായമേറിയില്ല. ബോബനും മോളിയും കേന്ദ്രകഥാപാത്രങ്ങളാക്കി 1971ല്‍ ശശികുമാറിന്‍െറ സംവിധാനത്തില്‍ സിനിമയും പുറത്തിറങ്ങി. 2006ല്‍ ക്യാറ്റ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകള്‍ അനിമേഷന്‍ ചലച്ചിത്രങ്ങളായി നിര്‍മിച്ചു. 200 കഥകളാണ് അനിമേറ്റ് ചെയ്തത്. ബോബനും മോളിയും പുസ്തകരൂപത്തിലും പുറത്തിറങ്ങി. ഇപ്പോള്‍ ടോംസ് കോമിക്സ് ടോംസിന്‍െറ ഉടമസ്ഥതയില്‍ ബോബനും മോളിയും മറ്റു കാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കുന്നു. 1961 മുതല്‍ 1987വരെ മനോരമയുടെ ജീവനക്കാരന്‍ ആയിരുന്നു. മനോരമയില്‍നിന്ന് രാജിവെച്ച ടോംസ് തന്‍െറ കാര്‍ട്ടൂണ്‍ പരമ്പര മറ്റൊരു പ്രസിദ്ധീകരണത്തില്‍ വരയ്ക്കാന്‍ ശ്രമിച്ചു. അതിനെതിരെ മനോരമ കോടതിയെ സമീപിച്ചു. കോടതി മറ്റ് പ്രസിദ്ധീകരണങ്ങളില്‍ ടോംസ് ബോബനും മോളിയും വരക്കുന്നത് താല്‍ക്കാലികമായി വിലക്കി. ഒപ്പം, മനോരമക്ക് ബോബനും മോളിയും വരക്കാനും പ്രസിദ്ധീകരണം തുടരാനും താല്‍ക്കാലികാനുമതി നല്‍കി. മനോരമ തുടര്‍ന്ന് കുറേക്കാലം മറ്റൊരു കാര്‍ട്ടൂണിസ്റ്റിനെ കൊണ്ട് ബോബനും മോളിയും വരപ്പിച്ച് പ്രസിദ്ധീകരിച്ചു. എന്നാല്‍, പില്‍ക്കാലത്ത് ടോംസിന് തന്നെ കാര്‍ട്ടൂണ്‍ പരമ്പരയുടെ ഉടമസ്ഥാവകാശം ഹൈകോടതി ഇടപെടലിലൂടെ തിരികെലഭിച്ചു.