നഗ്നത സമരം നടത്തിയെന്ന കേസ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: സ്ത്രീപീഡനത്തില്‍ പ്രതിഷേധിച്ച കൊച്ചിയിലെ വനിതാസംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ നഗ്നത സമരം നടത്തിയെന്നാരോപിച്ച് പൊലീസെടുത്ത കേസ് ഹൈകോടതി റദ്ദാക്കി. ഉത്തര്‍പ്രദേശില്‍ രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകരടക്കമുള്ള വനിതകള്‍ മുദ്രാവാക്യങ്ങളെഴുതിയ ഷാള്‍ കൊണ്ട് ശരീരം മറച്ച് പ്രതീകാത്മക നഗ്നത സമരം നടത്തിയതിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് റദ്ദാക്കിയത്.
നഗ്നത പ്രദര്‍ശനമല്ല നടത്തിയതെന്ന് ചിത്രങ്ങളില്‍നിന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രോസിക്യൂഷന്‍ വാദം തള്ളുകയായിരുന്നു. കേസില്‍ പ്രതികളായിരുന്ന അഡ്വ. കെ.കെ. പ്രീത, അഡ്വ. നന്ദിനി, എറണാകുളം പനമ്പുകാട് സ്വദേശിനി ആശ, തെസ്നി ബാനു, എം.എന്‍. ഉമ, സി.എല്‍. ജോളി, ജെന്നി എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികളും കോടതി റദ്ദാക്കി. നഗ്നത പ്രദര്‍ശിപ്പിച്ചതുകൊണ്ടുമാത്രം ഒരുപ്രവൃത്തി അശ്ളീലമാണെന്ന് പ്രഖ്യാപിക്കുന്നത് ശരിയല്ളെന്ന് ഫൂലന്‍ ദേവിയെക്കുറിച്ച ‘ബാന്‍ഡിറ്റ് ക്വീന്‍’ ചിത്രത്തിന്‍െറ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ബോബി ആര്‍ട്സ് ഇന്‍റര്‍നാഷനല്‍ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സിംഗ്ള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ ചിത്രത്തിന്‍െറ തുടക്കത്തില്‍തന്നെ അശ്ളീലരംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സമൂഹത്തില്‍നിന്ന് ഫൂലന്‍ ദേവിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനവും അതേതുടര്‍ന്ന് അവര്‍ സ്വീകരിച്ച നിലപാടും വ്യക്തമാക്കാനാണ് ഈ രംഗങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചത്. അത് സിനിമയുടെ അനിവാര്യഭാഗമാണ്. അതേപോലെ ഹീനവും പൈശാചികവുമായ ഒരു ക്രൂരകൃത്യത്തിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് ഹരജിക്കാര്‍ പ്രതീകാത്മക സമരം നടത്തിയത്. ഇത്തരം പ്രതിഷേധത്തെ സമൂഹം നോക്കിക്കാണുന്നതെങ്ങനെ എന്നുകണക്കാക്കിയാണ് അതിലെ അശ്ളീലം വ്യക്തമാകുന്നതെന്നും കോടതി വ്യക്തമാക്കി.
2014 ജൂണിലാണ് ഹരജിക്കാര്‍ എറണാകുളം ഷണ്‍മുഖം റോഡില്‍ പ്രതിഷേധ സമരം നടത്തിയത്. ശരീരം ഷാള്‍ കൊണ്ടുമാത്രം പുതച്ച് പൊതുനിരത്തില്‍ പ്രതിഷേധവുമായത്തെിയ ഹരജിക്കാര്‍ വാഹനങ്ങള്‍ തടഞ്ഞെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വ്യത്യസ്ത പ്രതിഷേധസമരമെന്ന നിലയില്‍ ഇതിനെ വിലയിരുത്തിയാല്‍ മതിയെന്നും നഗ്നത പ്രദര്‍ശിപ്പിച്ചെന്നതടക്കമുള്ള ആക്ഷേപങ്ങള്‍ ബാധകമല്ളെന്നും കോടതി അഭിപ്രായപ്പെട്ടു.
ക്രൂരമായി ബലാത്സംഗത്തിനിരയായ സഹോദരിമാരോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു ഈ സമരം. ഡല്‍ഹിയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി മരണപ്പെട്ടതിനെ തുടര്‍ന്ന് നിലവില്‍ വന്ന ജസ്റ്റിസ് വര്‍മ കമീഷന്‍ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീപീഡന കേസുകളില്‍ പൊലീസുകാര്‍ അവരുടെ കര്‍ത്തവ്യങ്ങളില്‍ വീഴ്ച വരുത്തരുതെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹരജിക്കാര്‍ക്കെതിരായ കേസിലെ നടപടികള്‍ തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗമാകുമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
