എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 96.59 % വിജയം
text_fieldsതിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 96.59 ശതമാനം പേര്‍ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 98.57 ആയിരുന്നു വിജയശതമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയത്തില്‍ 1.98 ശതമാനത്തിന്‍െറ കുറവാണുള്ളത്.
ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ പരീക്ഷാഫലം പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ, പരീക്ഷാ സെക്രട്ടറി കെ.ഐ. ലാല്‍ എന്നിവരും സംബന്ധിച്ചു.
രജിസ്റ്റര്‍ ചെയ്ത 474289 പേരില്‍ 473803 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 457654 പേര്‍ ഉപരിപഠന യോഗ്യത നേടി. പ്രൈവറ്റ് വിഭാഗത്തില്‍ പഴയ സ്കീമില്‍ പരീക്ഷ എഴുതിയ 446ല്‍ 259 (58.07ശതമാനം) പേര്‍ വിജയിച്ചു. പുതിയ സ്കീമില്‍ പരീക്ഷ എഴുതിയ 2123ല്‍ 1223 പേര്‍(57.61ശതമാനം) ഉപരിപഠന യോഗ്യരായി. ഗള്‍ഫില്‍ 100 ശതമാനമാണ് വിജയം. ഒമ്പത് സ്കൂളുകളിലായി 533 പേര്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരും വിജയിച്ചു. ലക്ഷദ്വീപില്‍ 79.95 ശതമാനമാണ് വിജയം. ഒമ്പത് സ്കൂളുകളിലായി പരീക്ഷ എഴുതിയ 813 പേരില്‍ 650 പേര്‍ വിജയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ മേയ് നാലാം വാരം പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കും. സേവ് എ ഇയര്‍ (സേ) പരീക്ഷ മേയ് 23 മുതല്‍ 27വരെ നടക്കും.
22879 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ളസ് ഗ്രേഡ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 15430 ആയിരുന്നു. ഈവര്‍ഷം 7449 പേര്‍ കൂടുതല്‍. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 1207 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 1670 ആയിരുന്നു. നൂറ് ശതമാനം നേടിയതില്‍ 377ഗവ. സ്കൂളുകളും 522 എയ്ഡഡ് സ്കൂളുകളും 308 അണ്‍എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു. 99.03 ശതമാനം വിജയം നേടിയ പത്തനംതിട്ട ജില്ലയാണ് വിജയത്തില്‍ മുന്നില്‍. വിദ്യാഭ്യാസ ജില്ലയില്‍ മുന്നില്‍ മൂവാറ്റുപുഴയാണ് (99.43 ശതമാനം). വയനാട് ജില്ലയാണ് വിജയശതമാനത്തില്‍ പിറകില്‍ (92.3 ശതമാനം). എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാര്‍ഥികള്‍ കൂടുതലുള്ള ജില്ലയും (3555പേര്‍) വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ് (1469 പേര്‍). കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച നേട്ടം മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ്. ഇവിടെ 2347 പേര്‍ പരീക്ഷ എഴുതിയതില്‍ 2334 പേര്‍ (99.45 ശതമാനം) വിജയിച്ചു. എസ്.എസ്.എല്‍.സി ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തില്‍ 294 പേര്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും ഉപരിപഠന യോഗ്യത നേടി.
ടി.എച്ച്.എസ്.എല്‍.സി(ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ പരീക്ഷയെഴുതിയ 20ല്‍ 17 പേര്‍ (85 ശതമാനം) വിജയിച്ചു. എ.എച്ച്.എസ്.എല്‍.സിയില്‍ (ആര്‍ട്ട് ഹൈസ്കൂള്‍) 80 പേര്‍ പരീക്ഷയെഴുതിയതില്‍ 77 പേര്‍ വിജയിച്ചു. 96.2 ശതമാനമാണ് വിജയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.