നിയന്ത്രണം വിട്ട ചരക്കുലോറി പാഞ്ഞുകയറി മൂന്ന് യുവാക്കള്‍ മരിച്ചു
text_fieldsവളാഞ്ചേരി: നിയന്ത്രണം വിട്ട ചരക്കുലോറി പാഞ്ഞുകയറി, റോഡരികില്‍ നില്‍ക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി ടൗണിലെ കൂഴക്കുന്ന് സ്വദേശി കരിയങ്ങാട്ടുകാവില്‍ അബ്ദുല്‍ നാസറിന്‍െറ മകന്‍ റംഷീഖ് (25), വളാഞ്ചേരി മുളക്കല്‍ അബുവിന്‍െറ മകന്‍ ഫാസില്‍ (24), കോട്ടപ്പുറം ചുഴലിപ്പുറത്ത് മുസ്തഫയുടെ മകന്‍ മുഹമ്മദ് നംഷാദ് (23) എന്നിവരാണ് മരിച്ചത്. വളാഞ്ചേരി മാരാംകുന്നില്‍ വാടക വീട്ടില്‍ താമസിക്കുന്ന കാരപറമ്പില്‍ റഷീദിന്‍െറ മകന്‍ നിഹാലിനെയാണ് (22) ഗുരുതരപരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു പ്രദേശത്തെ നടുക്കിയ അപകടം. പാലക്കാട്ടുനിന്ന് സിമന്‍റുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയാണ് അപകടം വരുത്തിയത്. തിരുവേഗപ്പുറ ഭാഗത്ത് നിന്ന് രാത്രികാല ഫുട്ബാള്‍ മത്സരം കണ്ട ശേഷം വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ബൈക്കുകളിലായി വന്ന ഇവര്‍ വളാഞ്ചേരി -പട്ടാമ്പി റോഡില്‍ കോട്ടപ്പുറം ജുമാമസ്ജിദിന് സമീപത്ത് നംഷാദിനെ ഇറക്കിയ ശേഷം, റോഡരികില്‍ നിന്ന് സംസാരിക്കുകയായിരുന്നു. അമിതവേഗതയില്‍ വന്ന ലോറി നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചുതെറിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ മതില്‍ തകര്‍ത്താണ് ലോറി നിന്നത്.
ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. തൊട്ടടുത്ത പള്ളിയിലേക്ക് വന്നവരും പ്രദേശവാസികളും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. വളാഞ്ചേരി എസ്.ഐ പി.എം. ഷമീര്‍, അഡീഷനല്‍ എസ്.ഐമാരായ ടി. ദാമോദരന്‍, എന്‍.കെ. മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ഫാസിലിന്‍െറ മൃതദേഹം കിഴക്കേക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മുഹമ്മദ് നംഷാദ്, റംഷീഖ് എന്നിവരുടെ മൃതദേഹങ്ങള്‍ കോട്ടപ്പുറം ജുമാമജ്സിദ് ഖബര്‍സ്ഥാനിലും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. റംഷീഖ് വളാഞ്ചേരി ബസ്സ്റ്റാന്‍ഡിന് സമീപം പലചരക്ക് കടയിലെ സഹായിയാണ്. മാതാവ്: മറിയ. സഹോദരങ്ങള്‍: നാസിറ, നാഫിയ, മുര്‍ഷിദ്. ഫാസില്‍ വളാഞ്ചേരിയില്‍ പിതൃസഹോദരന്‍ നടത്തുന്ന പലചരക്കുകടയിലെ സഹായിയായിരുന്നു. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ഫൈസല്‍, നൗഫല്‍. മുഹമ്മദ് നംഷാദ് പിതാവിന്‍െറ വളാഞ്ചേരി മാര്‍ക്കറ്റിനുള്ളിലെ സ്റ്റേഷനറി കടയിലെ സഹായിയാണ്. മാതാവ്: റംല. സഹോദരങ്ങള്‍: ആസിഫ്, മജീദ്, അസ്മാബി. ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.