പി.സി. ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജിവെച്ചു
text_fieldsതിരുവനന്തപുരം: പി.സി. ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജിവെച്ചു. രാജി സ്പീക്കര്‍ എന്‍. ശക്തന്‍ സ്വീകരിച്ചു. നിയമസഭയുടെ കാലാവധി തീരാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് രാജി. വെള്ളിയാഴ്ച രാവിലെ ദൂതന്മാര്‍ മുഖേനയാണ് ഒറ്റവരി രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറിയത്. കത്ത് ലഭിച്ചതിന് പിന്നാലെ സ്പീക്കര്‍ ജോര്‍ജിനെ ബന്ധപ്പെടുകയും ആധികാരികത ഉറപ്പുവരുത്തുകയും ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് ജോര്‍ജ് രാജിക്കത്ത് കൈമാറിയതെന്ന് ഉറപ്പുവരുത്തിയശേഷം സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു.
പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്ന് കേരള കോണ്‍ഗ്രസ്-മാണിഗ്രൂപ് പ്രതിനിധിയായാണ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിവിട്ടതിനെ തുടര്‍ന്ന് മാണിഗ്രൂപ് നല്‍കിയ പരാതിപ്രകാരം കൂറുമാറ്റനിരോധ നിയമം അനുസരിച്ച് ജോര്‍ജിന്‍െറ നിയമസഭാംഗത്വം നവംബറില്‍ റദ്ദാക്കിയിരുന്നു. അംഗത്വം റദ്ദാക്കുന്ന തീരുമാനമെടുക്കുന്നതിനു തലേന്ന് ജോര്‍ജ് നല്‍കിയ രാജിക്കത്ത് തള്ളിയായിരുന്നു സ്പീക്കറുടെ തീരുമാനം. സ്പീക്കറുടെ നടപടി ജോര്‍ജ് ഹൈകോടതിയില്‍ ചോദ്യം ചെയ്യുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. ഒരംഗം രാജിക്കത്ത് നല്‍കിയിരിക്കെ അതു പരിഗണിക്കാതെ കൂറുമാറ്റ നിരോധ നിയമപ്രകാരം അംഗത്വം റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ളെന്നായിരുന്നു കോടതിയുടെ തീര്‍പ്പ്. ജോര്‍ജിന്‍െറ രാജിക്കത്തില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഹൈകോടതി ഉത്തരവിനു പിന്നാലെ നേരത്തേ നല്‍കിയ രാജിക്കത്ത് ജോര്‍ജ് പിന്‍വലിക്കുകയും ഫെബ്രുവരിയില്‍ വീണ്ടും നിയമസഭാംഗത്വം നേടുകയും ചെയ്തു. എന്നാല്‍, കോടതിവിധി വരുംമുമ്പ് ബജറ്റ്സമ്മേളനം അവസാനിച്ചതിനാല്‍ അദ്ദേഹത്തിന് നിയമസഭയിലത്തൊന്‍ സാധിച്ചില്ല.
എന്നാല്‍, അംഗത്വം റദ്ദാക്കപ്പെട്ട 2015 നവംബര്‍ 13 മുതല്‍ ഇതേവരെയുള്ള എല്ലാ ആനുകൂല്യങ്ങളും എം.എല്‍.എ എന്നനിലയില്‍ ജോര്‍ജിന് ലഭിച്ചു.
നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. പുതിയ സഭാരൂപവത്കരണത്തിനു മുന്നോടിയായി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടികളും ആരംഭിച്ചു. പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്ന് ജോര്‍ജ് വീണ്ടും ജനവിധി തേടുന്നുണ്ട്. ഇതിനിടെയാണ് എം.എല്‍.എ സ്ഥാനം അദ്ദേഹം രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
