പുറ്റിങ്ങൽ ക്ഷേത്ര ഭാരവാഹികൾ കലക്ടറെ കണ്ടതിന് തെളിവില്ല
text_fieldsകൊല്ലം: വെടിക്കെട്ടിന് അനുമതി തേടി പുറ്റിങ്ങൽ ക്ഷേത്രഭാരവാഹികൾ ജില്ലാ കലക്ടറെ കണ്ടതിന് തെളിവുകൾ ലഭ്യമായില്ല. കലക്ട്രേറ്റില്‍ നിന്ന് പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കില്‍ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. ദൃശ്യങ്ങൾ കണ്ടെത്തുന്നതിനായി സി.സി.ടി.വി കാമറകളുടെ ഹാർഡ് ഡിസ്ക് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ ഇല്ലെന്നത് വ്യക്തമായത്. സി.സി.ടി.വി പ്രവർത്തനരഹിതമായതിനാലാണ് ദൃശ്യങ്ങൾ പതിയാതിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി കലക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം കലക്ടറേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്.
സിവിൽ സ്റ്റേഷനിൽ 15 സി.സി.ടി.വി കാമറകളാണുള്ളത്. ഇതിൽ വിക്കറ്റ് ഗേറ്റുകളിലെ കാമറകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമെന്ന് അധികൃതർ പറയുന്നു. ഹാര്‍ഡ് ഡിസ്‌കുകള്‍ വിശദമായി പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ദൃശ്യങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ വിദഗ്ദ്ധ സഹായത്തോടെ വീണ്ടെടുക്കാനും സാധ്യതയുണ്ട്.
.