പറയാത്തകാര്യങ്ങള്‍ തെൻറ വായിൽ തിരുകിക്കയറ്റണ്ട –പിണറായി
text_fieldsകിളിമാനൂര്‍: വാക്കുകളെ വളച്ചൊടിച്ച് പറയാത്തകാര്യങ്ങള്‍ തെൻറ വായിൽ തിരുകിക്കയറ്റണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. പാർട്ടി വിരുദ്ധ മനോഭാവത്തിലേക്ക് വി.എസ് അച്യുതാനന്ദൻ തരം താഴ്ന്നുവെന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിെൻറ പ്രമേയം ഇപ്പോഴും നിലനിൽക്കുന്നുവെന്ന പിണറായിയുടെ പ്രതികരണം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം മറുപടിയുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പുരംഗത്ത് താനും വി.എസും ഒത്തൊരു മയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തെറ്റിധരിപ്പിക്കാമെന്ന് ആരും മന:പായസം ഉണ്ണണ്ടെന്നും പിണറായി പറഞ്ഞു. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ: ബി. സത്യെൻറ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ നഗരൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പിണറായി മാധ്യമവാർത്തകൾക്കെതിരെ പ്രതികരിച്ചത്.
‘ചില മാധ്യമങ്ങള്‍ നേരത്തെ തീരു മാനിച്ചുറപ്പിച്ചകാര്യങ്ങള്‍ തങ്ങളുടെ പ്രതികരണങ്ങളില്‍ തിരുകിക്കയറ്റാന്‍ നോക്കുകയാണ്. അതുകൊണ്ടൊന്നും സി.പി.എമ്മിനെയോ, എല്‍.ഡി.എഫിനെയോ ഭയപ്പെടുത്താന്‍ കഴിയില്ല. വി.എസിനെ സ്ഥാനാര്‍ഥി ആക്കിയത് പാര്‍ട്ടിയാണ്. സ്ഥാനാര്‍ഥിത്വത്തിലും നിലപാടുകളിലും പാര്‍ട്ടിക്ക് വ്യക്തമായനിലപാടുണ്ട്. വടക്ക് നിന്നും വി.എസും, തെക്ക് നിന്നും താനും ഒരുമിച്ചാണ് പ്രചരണം ആരംഭിച്ചത്.’ – പിണറായി പറഞ്ഞു.മാധ്യമങ്ങളിലെ വാര്‍ത്തകള്‍ എങ്ങനെയാണെന്ന് തന്നെ ആരും പഠിപ്പിക്കേണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു .
പിന്നീട്, സഖാവ് വി.എസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്നാക്ഷേപിച്ചു എന്ന വാർത്ത വന്നത് എങ്ങനെയാണെന്ന് വിശദമാക്കി പിണറായി ഫേസ്ബുക് പോസ്റ്റുമിട്ടു.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണ രൂപം:
ചില മാധ്യമ സുഹൃത്തുക്കള്‍ അവരുടേതായ ചില പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നു. ഏതെങ്കിലും ഭിന്നത പാര്‍ട്ടിയിലോ മുന്നണിയിലോ ഇല്ലാത്തതില്‍ കടുത്ത നിരാശയാണവര്‍ക്ക്. യോജിച്ച പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തുന്നത്. സഖാവ് വിഎസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്നാക്ഷേപിച്ചു എന്നാണ് വാര്‍ത്ത സൃഷ്ടിക്കുന്നത്. ഇത്തരം നിരവധി വ്യാജ വാര്‍ത്തകള്‍ വന്ന അനുഭവം എനിക്കുണ്ട്. ഈയടുത്ത കാലത്ത് അതിന് ഒരു ശമനം കണ്ടിരുന്നു. ഇപ്പോള്‍ വീണ്ടും അത് വരുന്നതില്‍ അത്ഭുതം തോന്നുന്നു.
ഇന്ന് തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ ഒരു ചോദ്യം വന്നു. സംസ്ഥാന സമ്മേളനത്തിന്റെ തലേദിവസം നിങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടോ എന്ന്. തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടി നിലപാട്. അത് തുറന്നു പറയും. നിങ്ങളോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് മറുപടി നല്‍കി.
അപ്പോള്‍, എങ്ങനെയാണ് വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നായി ചോദ്യം. വിഎസ് സ്ഥാനാര്‍ത്ഥിയായി സ്വയം നിന്നതല്ല, പാര്‍ട്ടി ആലോചിച്ച് തീരുമാനിച്ച് നിര്‍ത്തിയതാണ്. പാര്‍ട്ടിക്ക് ഗുണകരമായ കാര്യങ്ങളാണ് പാര്‍ട്ടി തീരുമാനിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ സിപിഐ എമ്മിലോ എല്‍ഡിഎഫിലോ ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയില്ല.
വി എസ് ഇന്ന് വടക്കേയറ്റത്തുനിന്ന് പ്രചാരണം തുടങ്ങുന്നു. ഞാന്‍ തെക്കേയറ്റത്തുനിന്ന് പ്രചാരണം തുടങ്ങുന്നു. ഇതാണ് ഞങ്ങളുടെ രീതി. എല്ലാ തരത്തിലും യോജിച്ച പ്രവര്‍ത്തനം.
ഒരു തരത്തിലുമുള്ള ഭിന്നതയുമില്ലാതെയാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന് ഒരു വിഘാതവും ഉണ്ടാക്കാമെന്ന് ആരും മനഃപായസമുണ്ണേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
