വാഹനാപകടത്തില്‍ അബോധാവസ്ഥയിലായ യുവാവിന് ഒരു കോടി രൂപ നഷ്ടം നല്‍കാന്‍ വിധി
text_fields
കോഴിക്കോട്: ലോറിയും ബൈക്കുമിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മൂന്നു കൊല്ലമായി അബോധാവസ്ഥയിലായ യുവാവിന് 1,00,94,000 രൂപ നഷ്ടം നല്‍കാന്‍ വിധി. കോടഞ്ചേരി പുലിക്കയം കരിന്തോളില്‍ ലിയോ തോമസിനാണ് (28) വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി എം.ജി. പത്മിനി നഷ്ടപരിഹാരം വിധിച്ചത്. അപകടമുണ്ടാക്കിയ ലോറിയുടെ ഇന്‍ഷുറന്‍സ് കമ്പനിയായ റിലയന്‍സ് ഇന്‍ഷുറന്‍സ് ഇത്രയും നഷ്ടവും ഹരജി നല്‍കിയ ദിവസം മുതലുള്ള പലിശയും കോടതിച്ചെലവും നല്‍കണമെന്നാണ് നിര്‍ദേശം. 30 ലക്ഷം രൂപയാണ് ഹരജിയില്‍ ആവശ്യപ്പെട്ടതെങ്കിലും ലിയോ തോമസിന്‍െറ അവസ്ഥ മനസ്സിലാക്കി കോടതി തുക കൂട്ടിവിധിക്കുകയായിരുന്നു. കോഴിക്കോട് പോപുലര്‍ സര്‍വിസ് സെന്‍ററില്‍ ജീവനക്കാരനായ ലിയോ വീട്ടില്‍നിന്ന് ഓഫിസിലേക്ക് വരവെ 2013 മാര്‍ച്ച് 31ന് രാവിലെ എട്ടോടെ കൂടത്തായിയില്‍ അപകടത്തില്‍പെടുകയായിരുന്നു. തലക്കേറ്റ പരിക്കിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിന് വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ലിയോയുടെ പടങ്ങളും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോടതി വിധി. അഡ്വ. ജി. മനോഹര്‍ ലാല്‍, അഡ്വ. സുധ ഹരിദാസ് എന്നിവര്‍ പരാതിക്കാരനായി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.