പൂച്ച് പുറത്തായെന്ന് വി.എസ്; ലൈസൻസ് നൽകിയാണോ മദ്യ നിരോധമെന്ന് പിണറായി
text_fieldsതിരുവനന്തപുരം: ആറ് പുതിയ ഫൈവ് സ്റ്റാർ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിലൂടെ സമ്പൂർണ മദ്യനിരോധമെന്ന യു.ഡി.എഫിന്‍റെ അവകാശവാദം തട്ടിപ്പെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. ആളെ പറ്റിക്കലിന്‍റെ പൂച്ച് പുറത്തായിരിക്കുകയാണെന്ന് വി.എസ് പരിഹസിച്ചു.
പൂട്ടിയ ബാറുകളെല്ലാം 5 സ്റ്റാറാക്കി ഉയര്‍ത്തിയാല്‍ അതിനെല്ലാം ലൈസന്‍സ് നല്‍കാമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ നടപടിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. എന്താണ് എൽ.ഡി.എഫിന്‍റെ മദ്യനയമെന്ന് ആവര്‍ത്തിച്ച് ചോദിച്ചു കൊണ്ടിരിക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ചാരായം നിര്‍ത്തലാക്കി വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട എ.കെ. ആന്‍റണിക്കും ഇക്കാര്യത്തില്‍ എന്താണ് പറയാന്‍ ഉള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും വി.എസ് പറഞ്ഞു.
ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ മദ്യനയം നടപ്പാക്കുമെന്ന് ആണയിട്ടുകൊണ്ടു നടന്ന ഉമ്മന്‍ചാണ്ടിയാണ് ബാര്‍ മുതലാളിമാരുടെ കൈയ്യില്‍ നിന്നും കോഴ വാങ്ങിക്കൊണ്ട് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ഇത് കേരള ജനതയെ ഒന്നാകെ വിഡ്ഢികളാക്കുന്ന നടപടിയാണെന്നും വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കിക്കൊണ്ടാണോ സര്‍ക്കാര്‍ ഘട്ടംഘട്ടമായി മദ്യനിരോനം നടപ്പാക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രതികരിച്ചു. കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുമതി നല്‍കിയ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴയിൽ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കുന്നത്. പുതുതായി പത്തു ത്രീ സ്റ്റാര്‍ ഹോട്ടലുകൾ ഫൈവ് സ്റ്റാര്‍ ആയി അപ്ഗ്രേഡ് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി വൻകിട മദ്യശാലകൾ സംസ്ഥാനത്ത് കൊണ്ടുവരികയാണ് യു.ഡി.എഫ് ഭരണം. ജനങ്ങളെ കബളിപ്പിക്കാനുള്ള മദ്യ വിരോധ പ്രസംഗവും ഈ കള്ളക്കളിയും എങ്ങനെ ഒത്തു പോകുമെന്നും പിണറായി ചോദിച്ചു.