ഉത്തരാഖണ്ഡ് വിഷയത്തില്‍ തല്‍ക്കാലം ഇടപെടേണ്ടെന്ന് കേന്ദ്രത്തോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
text_fieldsഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍െറ ഇടപെടല്‍ തല്‍ക്കാലം ആവശ്യമില്ളെന്ന് സംസ്ഥാന നേതൃത്വം. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ കാമ്പയിന്‍ നടത്താനാണ് തീരുമാനം. സര്‍ക്കാറിനെ പുറത്താക്കി രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തിലാണ് കാമ്പയിന്‍ നടത്തുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമാക്കുന്നതിന് സംസ്ഥാന കമ്മിറ്റി കഴിഞ്ഞയാഴ്ച 200 സ്ഥലങ്ങളിലെ പൊതുയോഗത്തോടെ രണ്ട് ആഴ്ചത്തെ കാമ്പയിന് തുടക്കം കുറിച്ചിരുന്നു. സംസ്ഥാന രൂപവത്കരണ ആവശ്യമുയര്‍ത്തിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ നാട്ടിലാണ് കാമ്പയിന്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ ഭരണം നഷ്ടപ്പെട്ട റാവത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, സംസ്ഥാനം സന്ദര്‍ശിക്കാന്‍ സന്നദ്ധനായിരുന്ന രാഹുല്‍ ഗാന്ധിയോട് രാഷ്ട്രപതി ഭരണം സംബന്ധിച്ച കേസില്‍ ഉത്തരാഖണ്ഡ് ഹൈകോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതായി സംസ്ഥാന പ്രസിഡന്‍റ് കിഷോര്‍ ഉപാധ്യായ പറഞ്ഞു.