തെക്കേഗോപുര നട തുറക്കുന്നതും കാത്ത് ആയിരങ്ങള്‍
text_fieldsതൃശൂര്‍: പൂരത്തിന് ഒരുങ്ങാന്‍ വടക്കുന്നാഥ ക്ഷേത്രത്തിന്‍െറ തെക്കേഗോപുര നട തുറക്കുന്നതും കാത്ത് കനത്ത ചൂടില്‍ ഉരുകിയൊലിച്ച് നിന്നത് ആയിരങ്ങള്‍. രാവിലെ 11.35ന് കുറ്റൂര്‍ നൈതലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഗോപുരവാതില്‍ തുറക്കുമ്പോള്‍ ആര്‍ത്തുവിളിച്ചും അഭിവാദ്യം ചെയ്തും കാഴ്ചക്കാര്‍ ആഹ്ളാദം പ്രകടിപ്പിച്ചു.
നൈതലക്കാവ് ക്ഷേത്രത്തില്‍നിന്ന് 8.45ഓടെ തിടമ്പേറ്റി രാമചന്ദ്രന്‍ തൃശൂര്‍ വടക്കുന്നാഥനിലേക്ക് പ്രയാണം തുടങ്ങി. വടക്കുന്നാഥ ക്ഷേത്രം മതിലകത്തെ പ്രദക്ഷിണ വഴികളിലൂടെ വാദ്യത്തിന്‍െറ അകമ്പടിയോടെ നീങ്ങിയ രാമചന്ദ്രന്‍ വാതില്‍ തുറക്കുന്നതും കാത്ത് ക്ഷമയോടെ പൂരക്കമ്പക്കാര്‍ നിന്നു. വാതില്‍ തുറന്ന് തുമ്പിയുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന രാമചന്ദ്രനെ മൊബൈല്‍ കാമറയില്‍ പകര്‍ത്താനും കാഴ്ചക്കാര്‍ മത്സരിച്ചു. തെക്കേഗോപുരം വഴി പുറത്തേക്ക് ഇറങ്ങി ചെറിയൊരു വാദ്യം കഴിഞ്ഞതോടെ ചടങ്ങ് അവസാനിച്ചു.