പ്രവാചക സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് സഹവര്‍ത്തിത്വം വളര്‍ത്തുക –മക്ക ഇമാം
text_fieldsഎടവണ്ണ (മലപ്പുറം): ശിഥിലീകരണ, വിധ്വംസക പ്രവണതകളെ എതിര്‍ക്കുകയും ഐക്യവും സമാധാനവും വളര്‍ത്തിയെടുക്കുകയുമാണ് ഇസ്ലാമിന്‍െറ ശൈലിയെന്ന് മക്ക ഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ്ബിന്‍ മുഹമ്മദ് ബിന്‍ ഇബ്റാഹീം ആലുത്വാലിബ് പറഞ്ഞു.
‘മുഹമ്മദ് നബി, മാനവരില്‍ മഹോന്നതന്‍’ പ്രമേയത്തില്‍ കെ.എന്‍.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കാമ്പയിന്‍െറ സമാപന സമ്മേളനം എടവണ്ണ ജാമിഅയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരപരാധികളെ അപകടപ്പെടുത്തുന്ന ഭീകരവാദ പ്രവണതകളെ ഇസ്ലാം കര്‍ശനമായി എതിര്‍ക്കുന്നു. പ്രവാചകന്‍െറ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ ഐക്യവും സഹവര്‍ത്തിത്വവും വളര്‍ത്താന്‍ ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭൗതികവും ആത്മീയവുമായ ഒട്ടേറെ പ്രതിസന്ധികളാണ് മാനവരാശി അഭിമുഖീകരിക്കുന്നത്. കുടുംബശൈഥില്യം മുതല്‍ ഭീകരാക്രമണങ്ങള്‍ വരെ സമൂഹ മന$സാക്ഷിയില്‍ ഭീതിയുളവാക്കുന്നു. ജീവിതം മുഴുക്കെ ത്യാഗികളായിരുന്ന തലമുറകളെ സൃഷ്ടിച്ച മഹാനായ ലോകഗുരുവായിരുന്നു പ്രവാചകന്‍. ഇസ്ലാമിന്‍െറ അനുയായികള്‍ എന്നവകാശപ്പെടുന്നവരുടെ ചെയ്തികളുമായി ആ മതത്തിന് ഒരു ബന്ധവുമില്ല.
മതത്തിന് പ്രതിരോധം തീര്‍ക്കുന്ന സമരങ്ങളില്‍ ഇവര്‍ക്ക് ഒരിടവുമില്ല. മറ്റ് മതങ്ങളുടെയും അനുയായികളുടെയും നേരെ കടന്നുകയറുന്നത് കുറ്റകരമാണ്.പാശ്ചാത്യലോകം ഇസ്ലാമിന്‍െറ ആവിര്‍ഭാവത്തിന് മുമ്പു തന്നെ ഭീകരതകളെ അഭിമുഖീകരിച്ചിട്ടുണ്ട്. അവയെല്ലാം അകത്തുനിന്നുള്ളവ തന്നെയായിരുന്നെന്നും ഇമാം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു.സൗദി കള്‍ചറല്‍ അറ്റാഷെ ശൈഖ് അഹമദ് അലി അല്‍റൂമി, കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് മദനി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രമാണങ്ങളിലൂടെയാണ് ഇസ്ലാമിനെ അറിയേണ്ടത്
മുസ്ലിം നാമധാരികളായ വ്യക്തികളിലൂടെയല്ല, ആധികാരിക പ്രമാണങ്ങളിലൂടെയാണ് ഇസ്ലാമിനെ അടുത്തറിയേണ്ടത്.മുസ്ലിംകളുടെ പേരിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്കൊന്നും ഇസ്ലാമല്ല ഉത്തരവാദിയെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലിംകളോടും അല്ലാത്തവരോടും സഹിഷ്ണുത പുലര്‍ത്തണമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. മതത്തില്‍ ബലാല്‍ക്കാരമില്ളെന്നാണ് അതിന്‍െറ മുദ്രാവാക്യം. എല്ലാ വിഭാഗക്കാര്‍ക്കും വഴികാട്ടിയായാണ് പ്രവാചകനെ നിയോഗിച്ചത്. ഇതെല്ലാമായിട്ടും ഏറെ തെറ്റിദ്ധരിക്കപ്പെട്ട മതമാണ് ഇന്ന് ഇസ്ലാം.
ധാര്‍മികസമരമായ ജിഹാദ് പോലും സായുധപേരാട്ടമെന്ന നിലക്ക് വ്യാഖ്യാനിക്കപ്പെട്ടു. സ്ത്രീസ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യംനല്‍കിയ മതമാണ് ഇസ്ലാം. സ്ത്രീക്ക് മാന്യതയും സുരക്ഷയുമാണ് മതം അനുശാസിക്കുന്നത്. സൗദി അറേബ്യയില്‍ സ്ത്രീസമൂഹം പുരോഗതിയുടെ പാതയിലാണ്.
സൗദി ശൂറയിലും സ്ത്രീപ്രാതിനിധ്യമുണ്ട്. സ്ത്രീക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുകയാണ് ഏറ്റവുംവലിയ കാര്യമെന്ന് വിശ്വസിക്കുന്നില്ല. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്ന രാജ്യങ്ങളിലും വാഹനമോടിക്കുന്ന സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്. സൗദിയില്‍ ഒരുതരത്തിലുള്ള സാമ്പത്തികപ്രതിസന്ധിയുമില്ളെന്നും അദ്ദേഹം പ്രതികരിച്ചു.
മനുഷ്യരാശിക്കുതന്നെ അപകടമായ ഒന്നാണ് ഐ.എസ്. അവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കപ്പെടണമെന്നും കൂടുതല്‍ പഠനവിഷയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ മദനി, ഡോ. മുസ്തഫ ഫാറൂഖി എന്നിവരും പങ്കെടുത്തു.

പീസ് റേഡിയോക്ക് തുടക്കമായി
സമൂഹത്തില്‍ ധാര്‍മിക ബോധവും പൗരബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍െറ ആഭിമുഖ്യത്തില്‍ ഇന്‍റര്‍നെറ്റ് റേഡിയോ സംരംഭമായ ‘പീസ് റേഡിയോ’ പ്രവര്‍ത്തനം തുടങ്ങി. മക്ക ഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ്ബിന്‍ മുഹമ്മദ് ബിന്‍ ഇബ്റാഹീം ആലുത്വാലിബാണ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്. 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന റേഡിയോയില്‍ 75ലധികം അവതാരകര്‍ നയിക്കുന്ന 52 ഇന പ്രോഗ്രാമുകളാണ് സംപ്രേഷണം ചെയ്യുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ പണ്ഡിതന്‍ കരുവള്ളി മുഹമ്മദ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ അധ്യക്ഷത വഹിച്ചു.