ദേശീയപാത വികസനം: രണ്ട് തവണ അവസരം ലഭിച്ചിട്ടും നടപ്പാക്കാനാവാതെ സര്‍ക്കാര്‍
text_fieldsമലപ്പുറം: സംസ്ഥാനത്ത് ദേശീയപാത വികസിപ്പിക്കാന്‍ ലഭിച്ച അവസരങ്ങള്‍ സര്‍ക്കാറിന് ഉപയോഗപ്പെടുത്താനായില്ല. ദേശീയപാത-66 നാല് വരിയാക്കുന്നതിന് രണ്ട് തവണ അനൂകൂല സാഹചര്യമുണ്ടായിട്ടും വികസനം നടപ്പാക്കാനാകാത്തതില്‍ സര്‍ക്കാറിനെതിരെ വിമര്‍ശമുയരുന്നു. പാതയുടെ വീതിയെ സംബന്ധിച്ച തര്‍ക്കത്തില്‍ പതിറ്റാണ്ട് നീണ്ടുപോയ പദ്ധതി സുഗമമായി നടപ്പാക്കുന്നതിന് 2013, 2014 വര്‍ഷങ്ങളിലാണ് അനുകൂല സാഹചര്യം രൂപപ്പെട്ടത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അറനൂറോളം കിലോമീറ്റര്‍ നാല് വരിയായി വികസിപ്പിക്കുന്നതാണ് പദ്ധതി. 2013ല്‍ അന്നത്തെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരുന്ന ഓസ്കര്‍ ഫെര്‍ണാണ്ടസിന്‍െറ കേരളസന്ദര്‍ശനത്തിനിടെയായിരുന്നു പ്രശ്നത്തിന് പരിഹാരം ഉയര്‍ന്നത്.
30 മീറ്ററില്‍ വീതി കൂട്ടുന്നതിന് മാത്രമേ കേരളത്തില്‍ സ്ഥലം ലഭ്യമാകുകയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ഒൗദ്യോഗികമായി അറിയിച്ചാല്‍ അംഗീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 30 മീറ്ററായി കുറക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ളെന്നായിരുന്നു അത്രയും കാലം സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയെങ്കിലും മുതലെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനായില്ല. 45 മീറ്റര്‍ പദ്ധതി ഉപേക്ഷിക്കാനാകില്ളെന്നായിരുന്നു ഒരാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.
തുടര്‍ന്ന് 45 മീറ്ററില്‍ ഭൂമിയേറ്റെടുക്കുന്നതിനായി നടത്തിയ സര്‍വേക്കിടെ മലബാറിലെ വിവിധയിടങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ സര്‍ക്കാര്‍ പിന്നാക്കം പോവുകയായിരുന്നു. ഇതിനിടെ കെ.പി.സി.സി പ്രസിഡന്‍റായി സ്ഥാനമേറ്റ വി.എം. സുധീരന്‍െറ സമ്മര്‍ദവും എന്‍.എച്ച് ആക്ഷന്‍ കൗണ്‍സിലിന്‍െറ ഇടപെടലും കാരണമായി 2014 മേയില്‍ 30 മീറ്ററില്‍ ആറ് വരി പാത നിര്‍മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എല്ലാ പത്രങ്ങളിലും ദേശീയപാതയുടെ മാതൃകയടക്കം പരസ്യം നല്‍കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ ഈ തീരുമാനത്തില്‍നിന്ന് പിന്നാക്കം പോവുകയായിരുന്നു.
ഭൂമി ഏറ്റെടുക്കാനാകാത്തതിനാല്‍ വികസനം നടപ്പാക്കാനാകില്ളെന്ന് അറിയിച്ച് ദേശീയപാത അതോറിറ്റിയും പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇത്തരത്തില്‍ വികസനം നടപ്പാക്കുകയാണെങ്കില്‍ തിരുവനന്തപുരം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ഭൂമിയേറ്റെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മലബാറില്‍ നിന്നായി കുറച്ച് ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടിയിരുന്നുള്ളു. ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിഞ്ഞതോടെ സ്തംഭനാവസ്ഥയിലായിരിക്കുകയാണ് ദേശീയപാത വികസനം. 45 മീറ്ററില്‍ പദ്ധതി നടപ്പാക്കുന്നതിനായി വീണ്ടും വിശദമായ സര്‍വേ നടത്താനാണ് നിലവില്‍ കേന്ദ്രത്തിന്‍െറ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.