സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി: ഉത്തരവിറക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതിയില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 113 സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഉത്തരവിറക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയില്ല. പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം ഉത്തരവിറക്കിയാല്‍ മതിയെന്ന് വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഫയല്‍ തിരിച്ചയച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് നടന്ന മന്ത്രിസഭായോഗത്തിലാണ് സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചത്.
50ലധികം കുട്ടികളുള്ള 79 സ്വകാര്യ സ്പെഷല്‍ സ്കൂളുകള്‍ക്കും 25ലധികം കുട്ടികളുള്ള തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്നതും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമായ 34 ബഡ്സ് സ്കൂളുകള്‍ക്കുമാണ് പദവി നല്‍കാന്‍ തീരുമാനിച്ചത്. നേരത്തേ 100 കുട്ടികളില്‍ അധികമുള്ള 33 സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 113 സ്കൂളുകള്‍ക്ക് കൂടി എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചത്.
