അഞ്ച് ആനകളില്‍ താഴെയുള്ള മേളകളും മൃഗസംരക്ഷണ ഓഫിസറെ മുന്‍കൂട്ടി അറിയിക്കണം –ഹൈകോടതി
text_fieldsകൊച്ചി: അഞ്ച് ആനകളില്‍ താഴെ അണിനിരത്തി ഉത്സവമോ മേളകളോ നടത്തിയാലും സംഘാടകര്‍ ഇക്കാര്യം മുന്‍കൂട്ടി മൃഗസംരക്ഷണ ഓഫിസറെ അറിയിക്കണമെന്ന് ഹൈകോടതി. ആനയിടയല്‍മൂലമുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുകയും വേണം. മുന്‍കൂട്ടി വിവരം അറിയിച്ചാല്‍ ഇത്തരം സജ്ജീകരണമൊരുക്കാന്‍ ഓഫിസര്‍ക്ക് കഴിയും. മയക്കുവെടി വെക്കാന്‍ യോഗ്യരായ പ്രഗല്ഭരെ കണ്ടത്തെി അവരുടെ പട്ടിക തയാറാക്കണം. അടിയന്തര സാഹചര്യമുണ്ടാകുമ്പോള്‍ നേരിടാന്‍ ഇവരുടെ ലഭ്യത ഓഫിസര്‍ ഉറപ്പാക്കുകയും ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ആനകളെ ഉത്സവങ്ങള്‍ക്കും ആരാധനാലയങ്ങളിലെ ആഘോഷങ്ങള്‍ക്കും മേളകള്‍ക്കും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകയായ മീര ബാലകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ആനകളെ പിടികൂടുന്നതുമുതല്‍ ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്നതുവരെ മനുഷ്യത്വരഹിതമായും ക്രൂരമായുമാണ് അവയോട് പെരുമാറുന്നതെന്ന് ഹരജിയില്‍ പറയുന്നു.
അതേസമയം, 2002 സെപ്റ്റംബര്‍ 17ന് പ്രത്യേക എലിഫന്‍റ് സ്ക്വാഡിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗനിര്‍ദേശ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഭിപ്രായങ്ങള്‍ അറിയിക്കാനും അത്യാവശ്യ നടപടി സ്വീകരിക്കാനും എല്ലാ ജില്ലകളിലെയും മൃഗസംരക്ഷണ ഓഫിസര്‍മാര്‍ക്കും ഈ ഉത്തരവ് നല്‍കിയിട്ടുള്ളതായും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് എലിഫന്‍റ് സ്ക്വാഡ് രൂപവത്കരണമുള്‍പ്പെടെ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോയെന്ന് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിയമപരമായ ഉത്തരവ് വന്നശേഷം ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലുമുണ്ടായ നടപടികള്‍ സംബന്ധിച്ചും വിശദീകരിക്കണം.
ഇതിനായി സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരം മൂന്നാഴ്ച സമയം അനുവദിച്ചു. എതിര്‍കക്ഷികളായ കേന്ദ്രസര്‍ക്കാര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വനം -മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍, വിവിധ ദേവസ്വം ബോര്‍ഡുകള്‍, ക്രൈസ്തവ സഭകള്‍, വഖ്ഫ് ബോര്‍ഡ് തുടങ്ങിയവര്‍ക്കും കോടതി നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
