ബിജുരമേശിന്‍റെ കെട്ടിടം പൊളിക്കാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ബാറുടമ ബിജുരമേശിന്‍റെ കെട്ടിടം പൊളിക്കാന്‍ ഹൈകോടതി ജില്ലാ ഭരണകൂടത്തിന് അനുമതി. തിരുവനന്തപുരത്തെ രാജധാനി കെട്ടിട സമുച്ചയത്തിന്‍റെ ഭാഗങ്ങള്‍ പൊളിക്കാനാണ് ഹൈകോടതി അനുമതി നല്‍കിയത്. എന്നാല്‍ പ്രധാന ഭാഗത്തിന് കേടുപാടുകള്‍ വരുത്താതെയായിരിക്കണം കെട്ടിടം പൊളിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. രാജധാനി കെട്ടിടം അളന്നുതിട്ടപ്പെടുത്തി ഇന്നുതന്നെ പൊളിക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓപറേഷന്‍ അനന്തയിലൂടെയാണ് ബിജു രമേശ് പുറമ്പോക്ക് കൈയേറി അനധികൃതമായി കെട്ടിടം നിര്‍മിച്ചതായി കണ്ടത്തെിയത്. ഭൂസംരക്ഷണ നിയമത്തിന്‍റെ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് കെട്ടിടം പൊളിക്കുന്നത് സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് കെട്ടിടം പൊളിക്കാൻ കോടതി അനുമതി നൽകിയത്. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കെട്ടിടം പൊളിക്കുന്നതെന്നും ഈ നിയമം നടപ്പാക്കുമ്പോൾ ഭൂസംരക്ഷണ നിയമം പരിഗണിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളടക്കം 74 കെട്ടിടങ്ങളുടെ അനധികൃത നിർമാണം ജില്ലാ കലക്ടർ പൊളിച്ചിട്ടുണ്ടെന്നും ബിജു രമേശിനെതിരെ മാത്രമല്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ ഇത് പ്രതികാരനടപടിയാണെന്ന് ബിജു രമേശ് പ്രതികരിച്ചു. സര്‍ക്കാരിനെതിരെ താന്‍ പലതും വിളിച്ചു പറയുന്നതുകൊണ്ടാണിത്. കെട്ടിടം നില്‍ക്കുന്നത് പുറമ്പോക്കിലല്ല. ഇത് തെളിയിക്കാനുള്ള എല്ലാ രേഖകളും തന്‍റെ പക്കലുണ്ട്. ഡിവിഷന്‍ ബെഞ്ചിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ വിധി നേടിയെടുത്തത്. വിധിക്കെതിരെ അപ്പീൽ പോകുമെന്നും ബിജുരമേശ് പറഞ്ഞു.
ബിജുരമേശിന്‍റെ ഉടമസ്ഥതയിൽ കിഴക്കേകോട്ടയിലുള്ള രാജധാനി കെട്ടിടം തെക്കനക്കര കനാല്‍ കൈയേറി നിര്‍മിച്ചതാണെന്നു ഓപ്പറേഷന്‍ അനന്ത ടീം കണ്ടെത്തിയിരുന്നു. ഇതോടെയാണ് രാജധാനി പൊളിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നടപടിക്രമങ്ങളിലെ വീഴ്ച കാരണം കെട്ടിടമുടമ ഹൈകോടതിയെ സമീപിച്ചു. ഭൂമി കൈയേറിയെന്ന ആരോപണത്തില്‍ കൃത്യതയും സുതാര്യതയുമില്ലെന്നായിരുന്നു ബിജു രമേശിന്‍റെ വാദം.